ചെന്നൈ: മാധ്യമപ്രവർത്തകരെ കുരങ്ങന്മാരെന്ന് പരാമർശിച്ചതിൽ ക്ഷമ ചോദിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലെ. മാധ്യമപ്രവർത്തകരിൽ ആരെയും കുരങ്ങനെന്ന് താൻ വിളിച്ചിട്ടില്ല.
ബൈറ്റ് ചോദിച്ച ശേഷം എന്നെ സംസാരിക്കാൻ അനുവദിക്കാതെ എന്തിനാണ് റിപ്പോർട്ടർമാർ കുരങ്ങൻമാരെപ്പോലെ ചാടുന്നതെന്നാണ് ഞാൻ ചോദിച്ചത്. ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അണ്ണാമലെ പറഞ്ഞു.
ഒക്ടോബർ 27നാണ് സംഭവമുണ്ടാത്. ഗൂഢല്ലൂരിൽ നടന്ന ബിജെപിയുടെ പരിപാടിക്കിടെയായിരുന്നു അണ്ണാമലെയുടെ പരാമർശം. ഇത് ഒളിയാക്രമണമാണോ?
കുരങ്ങൻമാർ മരത്തിൽ ചാടിക്കയറുന്നതുപോലെ നിങ്ങളെല്ലാവരും എന്നെ ചുറ്റിയിരിക്കുന്നത് എന്തിനാണ്? എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. ഇതിനെതിരേ തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അണ്ണാമലെ വിശദീകരണവുമായി രംഗത്തെത്തിയത്. ഞാൻ മാപ്പ് പറയില്ല. ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല.
മാപ്പ് പറയുന്നത് എന്‍റെ രക്തത്തിൽ ഇല്ല. ആരാണ് ബഹുമാനത്തോടെ സംസാരിക്കാത്തത്. ആരെങ്കിലും കുരങ്ങൻ എന്ന് വിളിക്കുന്നതും കുരങ്ങിനെപ്പോലെയെന്ന് പറയുന്നതും ഒരുപോലെയാണെന്ന് നിങ്ങൾ കരുതിയാൽ അതിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും അണ്ണാമലെ വിശദമാക്കി.