തിരുവനന്തപുരം: 1992ൽ കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ അണിചേർന്നത് തെറ്റായിപ്പോയെന്നും അതിൽ പശ്ചാത്തപിക്കുന്നുവെന്നും രമേശ് ചെന്നിത്തല. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’എന്ന പുസ്തകത്തിലാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.
അന്ന് മുഖ്യമന്ത്രിയായിരുന്നു കെ.കരുണാകരന് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോള് അനന്തരാവകാശിക്കായി ചിലർ നടത്തിയ ശ്രമങ്ങൾ പാർട്ടിയെ ആഭ്യന്തരമായി തകർക്കുന്നുവെന്നാരോപിച്ചാണ് തിരുത്തൽവാദം വാദം ഉടലെടുത്തത്. ഇപ്പോൾ അത് തെറ്റായിപ്പോയി എന്ന നിലപാടാണ് പുസ്തകത്തിൽ രമേശ് ചെന്നിത്തല ഉയർത്തുന്നത്.
കെ. കരുണാകരന്റെ പുത്രവാൽസല്യം കേരളത്തെ വഴിതെറ്റിക്കുന്നുവെന്ന നിലപാടായിരുന്നു അന്നെന്ന് രമേശ് ചെന്നിത്തല പറയുന്നു. അന്ന് കേരളം മക്കൾ രാഷ്ട്രീയത്തിനെതിരായിരുന്നു. ഇന്ന് മക്കൾ രാഷ്ട്രീയം സാർവത്രികമാണ് ആരും അതിൽ തെറ്റ് കാണുന്നില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെടുന്നു.
പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്ന തന്റെ വിശ്വാസം തനിക്ക് രാഷ്ട്രീയമായ നഷ്ടങ്ങളുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ വാഗ്ദാനം ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി സ്ഥാനം താൻ വേണ്ടെന്നു വച്ചതാണെന്നും സോണിയ ഗാന്ധിയുടെ നിർബന്ധം മൂലം ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറയുന്നു.
തന്നെ ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ പാർട്ടിയിലെ ചിലരുടെ ഒത്താശയോടെ ശ്രമം നടന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.