കൊല്ലങ്കോട്: ആനശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും നാട്ടുകാരുമടങ്ങുന്ന ജാഗ്രത സമിതി വിളിച്ചു ചേർക്കുമെന്ന് കെ.ബാബു എം.എൽ.എ. ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരന്നു എംഎൽഎ പരിശീലനം സിദ്ധിച്ച വനപാലകരെ ആനശല്യമുള്ളയിടങ്ങളിൽ നിയോഗിക്കണം.
വിളനാശത്തിന് ശരിയായ നഷ്ട പരിഹാരം ലഭ്യമാക്കണം, വനത്തിനകത്ത് മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള സംഭരണികൾ നിർമ്മിക്കണം എന്നീ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. തെന്മലയോരത്ത് ശുക്കിരിയാർ മുതൽ മാത്തൂർ വരെയുള്ള ഭാഗത്ത് സൗരോർജ വേലി കെട്ടാൻ കരാർ ആയതായി നെന്മാറ ഡി.എഫ്.ഒ. സി.പി.അനീഷ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ശാലിനി കറുപ്പേഷ്, കെ.ബേബി സുധ, സുധ രവീന്ദ്രൻ , കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി, കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ പി.സതീശൻ, ബി.അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു