മൂവാറ്റുപുഴ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ച കേസിൽ മുൻ മന്ത്രി കെ. ബാബുവിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. 2007 ജൂലൈ ഒന്നു മുതൽ 2016 മേയ് 31 വരെയുള്ള കാലയളവിൽ 25,82,069 രൂപ അധിക വരുമാനമുണ്ടാക്കി അഴിമതി നിരോധനവകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നു കണ്ടെത്തിയതിനെ ത്തുടർന്നാണ് എറണാകുളം വിജിലൻസ് സ്പെഷൽ സെൽ മൂവാറ്റുപുഴ വിജലിൻസ് കോടതി മുന്പാകെ കുറ്റപത്രം ഹാജരാക്കിയത്.
49.45 ശതമാനം അധിക വരുമാനമാണ് കെ. ബാബു ഈ കാലയളവിൽ സന്പാദിച്ചത്. 52 പ്രമാണങ്ങളും കുറ്റപ്പത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. കെ. ബാബുവിനോടൊപ്പം പ്രതി ചേർക്കപ്പെട്ട ബാബുറാം, കെ.സി. മോഹനൻ എന്നിവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരുന്നു.
തൃപ്പൂണിത്തൂറ പ്രതികരണവേദി തൃശൂർ വിജിലൻസ് കോടതി മുന്പാകെയാണ് പരാതി നൽകിയിരുന്നത്. പിന്നീട് വിജിലൻസ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ഏപ്രിൽ 29ന് കേസ് വീണ്ടും പരിഗണിക്കും.