വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം എന്ന് എല്ലാവരും പറയാറുണ്ട്. പാലായിലെ കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി ജോസ് ടോം തോറ്റതോടെ തോറ്റുപോയത് ജോസ് ടോംമിനു വേണ്ടി ബെറ്റു വെച്ചവര്‍കൂടിയാണ്. അതിലൊരാളാണ് കെ.സി കുഞ്ഞുമോന്‍ ജോസ് ടോം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ കെ.സി.കുഞ്ഞുമോന്‍ വാക്കു തെറ്റിച്ചില്ല. എല്ലാവരെയും സാക്ഷി നിര്‍ത്തി നല്ല വെടിപ്പായി അതങ്ങ് ചെയ്തു.
പാലായിലെ കേരളാ കോണ്‍ഗ്രസിന്റെ ഉശിരുള്ള പ്രവര്‍ത്തകനാണ് കെ.സി കുഞ്ഞുമോന്‍. വോട്ടെണ്ണലിനു മുമ്പ് തന്നെ കുഞ്ഞുമോന്‍ ജോസ് ടോം ജയിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകനുമായി ബെറ്റ് വച്ചിരുന്നു. ജോസ് ടോം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് കവലയില്‍ വച്ചായിരിക്കും തല മൊട്ടയടിക്കുക എന്നും എടുത്തുപറഞ്ഞിരുന്നു.
ഒടുവില്‍ കുഞ്ഞുമോന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ജോസ് ടോം തോറ്റു. കുഞ്ഞുമോന്‍ തല മൊട്ടയടിച്ച് വാക്കു പാലിക്കുകയും ചെയ്തു. മാണി സി.കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് കുഞ്ഞുമോനുമായി ബെറ്റ് വച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയിയും പറഞ്ഞിരുന്നു. മൂന്ന് സാക്ഷികളെ നിര്‍ത്തിയായിരുന്നു ഇരുവരുടെയും ബെറ്റ്. പരസ്യമായി കവലയില്‍ വച്ച് തല മൊട്ടയടിക്കുമെന്നാണ് കുഞ്ഞുമോന്‍ പറഞ്ഞിരുന്നതെങ്കിലും ബെറ്റില്‍ ചെറിയൊരു മാറ്റമുണ്ടായി. ബാര്‍ബര്‍ ഷോപ്പിലെത്തിയായിരുന്നു കുഞ്ഞുമോന്‍ നേരത്തെ പറഞ്ഞതുപോലെ തല മൊട്ടയടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.