മലയാള സിനിമ ചരിത്രത്തില് തന്നെ പകരം വയ്ക്കാനാളില്ലാത്ത അപൂര്വം സംവിധായകരിലൊരാളാണ് കെ ജി ജോര്ജ്. സ്വപ്നാടനം സിനിമയിലൂടെയാണ് ജോര്ജ് മലയാള സിനിമയിലേക്ക് തന്റെ വരവ് അറിയിക്കുന്നത്.
ഉള്ക്കടല്, യവനിക, പഞ്ചവടിപ്പാലം ഉള്പ്പടെ നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇപ്പോള് കെ ജി ജോര്ജിനെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുകയാണ്.
എയ്റ്റ് ആന്ഡ് എ ഹാഫ് ഇന്റര്കട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നീ സ്ട്രീമിലൂടെയാണ് ആരാധകരിലേക്ക് എത്തുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലറും പുറത്തുവന്നു.
ലിജിന് ജോസ് 2017ല് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഇന്ത്യന് പനോരമയില് അടക്കം ഇടംപിടിച്ചിരുന്നു. മൂന്ന് വര്ഷങ്ങള്ക്ക് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമെല്ലാമാണ് അദ്ദേഹം മനസു തുറക്കുന്നത്. ഡോക്യുമെന്ററിയില് എം ടി വാസുദേവന് നായര്, അടൂര് ഗോപാലകൃഷ്ണന്, മമ്മൂട്ടി, ബാലു മഹേന്ദ്ര എന്നിവരെക്കൂടാതെ കെ ജി ജോര്ജിന്റെ ഭാര്യ സല്മയും ഭാഗഭാക്കാവുന്നുണ്ട്.
https://www.youtube.com/watch?v=IoEpeVovr48
സല്മയ്ക്കൊപ്പമുള്ള രംഗങ്ങള് ഉള്പ്പെടുത്തിക്കൊണ്ടുള്ളതാണ് ടീസര്. കെ ജി ജോര്ജിന്റെ ഇഷ്ട സംവിധായകന് ഫെഡറിക്കോ ഫെല്ലിനിയുടെ പ്രശസ്ത ചിത്രത്തിന്റെ പേരില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഡോക്യുമെന്ററിക്ക് പേരു നല്കിയിരിക്കുന്നത്.
ചിത്രം നിര്മ്മിച്ചിരിക്കുന്നത് ലിജിന് ജോസും ഷിബു ജി സുശീലനും ചേര്ന്നാണ്. എഡിറ്റിംഗ് ബി അജിത്ത്കുമാര്. ഛായാഗ്രഹണം അന്തരിച്ച എം ജെ രാധാകൃഷ്ണനും നീല് ഡി കുഞ്ഞയും ചേര്ന്ന്. സംഗീതം ബിജിബാല്. കോഡയറക്ടര് ഷാഹിന കെ റഫീഖ്.