തലശേരി: കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഹവാല പണം കൊള്ളയടിക്കുകയും കൊലപാതകമുള്‍പ്പെടെയുള്ള ഓപ്പറേഷനുകള്‍ ക്വട്ടേഷനെടുത്ത് നടത്തുകയും ചെയ്തുവന്ന അന്തര്‍ സംസ്ഥാന ക്രിമിനല്‍ സംഘത്തിലെ ഗ്യാംഗ് ലീഡര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
മട്ടന്നൂര്‍ ഉളിയില്‍ ആവിലാട് കണിയാംകുന്ന് വീട്ടില്‍ കെ.കെ.നൗഷാദ് (39), മാഹി പള്ളൂര്‍ ചാലക്കര മീത്തലെ കേളോത്ത് ദീപക്(28) എന്നിവരെയാണ് ഡിവൈസ്പി കെ.വി.വേണുഗോപാല്‍, കണ്ട്രോള് റൂം എസ്ഐ ഷാജു, എഎസ്ഐ രാജീവന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സഹദേവന്, ശ്രീജേഷ്, സുജേഷ്, മീറജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായി അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മഫ്ടിയില് സിനിമാസ്റ്റൈലില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ചെയ്സിംഗിനൊടുവില്‍ പാടത്തും പാടവരമ്പിലും നടത്തിയ മല്‍പ്പിടിത്തത്തിലൂടെയാണ് പ്രതികളെ പോലീസ് കീഴടക്കിയത്. ചെയ്സിംഗിനിടയില് കൂട്ടിയിടിച്ച് പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും ഡിവൈഎസ്പി സഞ്ചരിച്ച എത്തിയോസ് കാറും തകര്‍ന്നു.പ്രതികള്‍ സഞ്ചരിച്ച കാറ് വൈദ്യുതി പോസ്റ്റിലും ഇടിച്ചു. പോലീസില്‍ നിന്ന് രക്ഷപെട്ട് ഇടവഴിയിലൂടെ അമിത വേഗത്തില്‍ പോയ പ്രതികള്‍ സഞ്ചരിച്ച കാറ് കാല്‍നടയാത്രക്കാരെയും നാട്ടുകാരെയും മുള് മുനയില്‍ നിര്‍ത്തി.
പ്രതികളില്‍ നിന്ന് വിദേശനിര്‍മിത കത്തിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തന്ത്രപരമായ നീക്കത്തിലൂടെ രണ്ടു പ്രതികളെയും പോലീസ് മമ്പറത്ത് വരുത്തിക്കുകയായിരുന്നു. മമ്പറത്ത് നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ വടക്കുമ്പാട് വച്ച് പോലീസ് പ്രതികള്‍ സഞ്ചരിച്ച കാറ് തടഞ്ഞു.
പോലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാല് ഭാഗത്തു നിന്നും വാഹനങ്ങളില്‍ പിന്തുടര്‍ന്ന പോലീസ് അതിസാഹസീകമായി കീഴടക്കുകയായിരുന്നു.ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീപക് വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍, പാനൂര്‍, ബാലുശേരി, മട്ടന്നൂര്‍, കതിരൂര്‍,പെരിന്തല്‍മണ്ണ, മയ്യില്‍ തുടങ്ങിയ നിരവധി സ്ഥാലങ്ങളില്‍ നൗഷാദിനെതിരെ കേസുള്ളതായും പോലീസ് പറയുന്നു.
ക്വട്ടേഷനുകള്‍ ഏറ്റെടുക്കുന്ന കമ്പനിയായിട്ടാണ് നൗഷാദിന്റെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിച്ചിരുന്നു. മുപ്പത് പേരാണ് സംഘത്തിലുള്ളത്. സംഘാംഗങ്ങള്‍ക്ക് മാസ ശമ്പളം നല്‍കിയിരുന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. കര്‍ണാടകയിലും തമിഴ്നാട്ടിലും കോടികളുടെ ഹവാല പണമാണ് സംഘം കൊള്ളയടിച്ചിടുള്ളത്.
കര്‍ണാടകയില്‍ ഹവാല പണം കൊള്ളയടിച്ചാല്‍ 25 ശതമാനം ബിജെപിയുടെ പ്രമുഖ നേതാവിന് നല്കി വന്നതായും ഈ നേതാവിന്റെ സംരക്ഷണയിലാണ് കര്‍ണാടകയില്‍ ക്വട്ടേഷനുകള്‍ എടുത്തിരുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. നേതാവിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
നൗഷാദിന് ബിനാമി പേരുകളിലുള്പ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉള്ളതായും ഈ സ്വത്ത് വകകള്‍ കണ്ട് കെട്ടാന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കേസിലെ മറ്റൊരു പ്രതിയായ എറണാകുളം അങ്കമാലി മൂക്കന്നൂര്‍ വിലോള്പറമ്പില് സതീശനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്നിന് ചൊക്ലിയില്‍ വെച്ച് 17 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് ഇപ്പോള്‍ മൂന്ന് അറസ്റ്റുകളും നടന്നിട്ടുള്ളത്.ഈ കേസില്‍ ഇനി മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.,