കോട്ടയം മണിമലയില് വാഹനാപകടത്തില് സഹോദരങ്ങള് കൊല്ലപ്പെട്ട സംഭവത്തില് അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് കേരളാ കോണ്ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന് കെ എം മാണി ജൂനിയര്.
അറസ്റ്റു ചെയ്യപ്പെട്ട കെ എം മാണി ജൂനിയറിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയയ്ക്കുകയായിരുന്നു.
സ്കൂട്ടര് യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന് മാത്യുവിന്റെ മകന് ജിന്സ് ജോണ്, സഹോദരന് ജിസ് എന്നിവരാണ് മരിച്ചത്.
കെഎല് 7 സിസി 1711 എന്ന നമ്പരിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്ഐആറില് പറയുന്നത്.
അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറില് വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂര് റോഡില് മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂര് ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ്ഐ ആര് പറയുന്നു.
ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി വൈകിട്ട് ആറുമണിക്കാണ് അപകടമെന്നും എഫ്ഐആറിലുണ്ട്.
ബിഎസ്എന്എല് ഓഫീസിന് മുന് വശത്ത് പെട്ടെന്ന് കാര് ബ്രേക്കിട്ടെന്നും തുടര്ന്ന് കാറിന് പുറകെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും എഫ്ഐആര് പറയുന്നു. അതായത് പ്രതിക്കെതിരെ നരഹത്യാകുറ്റം നിലനില്ക്കും വിധമാണ് ചാര്ജ്ജ്.
ഐപിസിയിലെ 279, 337, 338 വകുപ്പുകളാണ് ചുമത്തിയത്. എല്ലാം സ്റ്റേഷന് ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ്.
സ്കൂട്ടര് ഓടിച്ചിരുന്ന ജിന്സും പുറകിലിരുന്ന് യാത്ര ചെയ്ത ജിസും റോഡില് തെറിച്ചു വീണ് പരിക്കേറ്റെന്നാണ് എഫ്ഐആര്. പിന്നീട് രണ്ടു പേരും മരിച്ചു.
മരണപ്പെട്ട യുവാക്കളുടെ പിതൃസഹോദരനാണ് പോലീസിനെ അപകടവിവരം അറിയിക്കുന്നതെന്നും എഫ്ഐആറില് പറയുന്നു.
ജിന്സിന് ഇരുപത്തിയഞ്ചും ജിസിന് 28ഉം വയസ്സുണ്ടെന്നും എഫ്ഐആര് പറയുന്നു. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന് മാത്യുവിന്റെയും സിസമ്മയുടേയും മക്കളാണ് ഇരുവരും.
അലൂമിനിയം ഫാബ്രിക്കേഷന് ജോലികള് ചെയ്തു വന്നിരുന്ന ഇരുവരുടെയും വിയോഗം ഒരു കുടുംബത്തിന്റെ ആശ്രയത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നത്.
മരിച്ച ജിന്സ് ജോണും ജിസും. അങ്ങനെ ഈ കുടുംബത്തിന് രണ്ട് ആശ്രയങ്ങളാണ് നഷ്ടമാകുന്നത്. അലുമിനിയം ഫാബ്രിക്കേഷന് ജോലിയാണ് ഇവര് ചെയ്തിരുന്നത്.
ശനിയാഴ്ച വൈകിട്ട് കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടര് മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നില് ഇടിക്കുകയായിരുന്നു.
എതിര് വശത്തു കൂടെ പോയ ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്ന്ന് വട്ടം തിരിയുകയായിരുന്നു. ഇങ്ങനെ വട്ടം തിരിഞ്ഞ കാറിന് മുമ്പില് സഹോദരങ്ങള് യാത്ര ചെയ്ത സ്കൂട്ടര് പെടുകയായിരുന്നു.
അങ്ങനെയാണ് അപകടമുണ്ടായത്. അമിത വേഗതയില് എത്തിയ ഇന്നവോ കാര് അപ്രതീക്ഷിതമായാണ് ബ്രേക്ക് ചവിട്ടിയത്. ഇതിന്റെ കാരണവും അവ്യക്തമാണ്. വളവുള്ളിടത്തല്ല അപകടമുണ്ടായത്.
അപകടത്തില് പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചു. ജിന്സ് അര്ദ്ധരാത്രിയിലും, ജിസ് പുലര്ച്ചെയുമാണ് മരിച്ചത്.
അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള് പോലീസ് ശേഖരിച്ചു. ഇതില് ആരാണ് ഇന്നോവ ഓടിച്ചതെന്ന് വ്യക്തവുമാണ്.
കാര് ജോസ് കെ മാണിയുടെ സഹോദരീ ഭര്ത്താവിന്റേതാണെന്നാണ് വിവരം. ബംഗളൂരുവില് എംബിഎ വിദ്യാര്ത്ഥിയാണ് 19കാരനായ കെ എം മാണി ജൂനിയര്.