മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും. കാലാതീതമാണ് ഈ രണ്ട് പ്രതിഭാസങ്ങളും. മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ.
ട്രെൻഡുകൾക്കും അപ്പുറം നിൽക്കുന്ന ഈ കഥാപാത്രവുമൊത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു.
ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നതു സിനിമാ ചരിത്രത്തിൽത്തന്നെ അപൂർവമായി സംഭവിക്കുന്നതാണ്.
ജയിംസ് ബോണ്ട് സിനിമകളിൽ പോലും നായകൻ ഒരാളാണെങ്കിലും സംവിധായകനോ തിരക്കഥാകൃത്തോ മാറിയിട്ടുണ്ടാകും. നായകനെന്നതിലുപരി മമ്മൂട്ടിയുമായി എനിക്കൊരു സഹോദരതുല്യബന്ധമുണ്ട്.
ഇപ്പോൾത്തന്നെ ചിത്രത്തിന്റെ പൂജയുടെ കാര്യം വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, ‘മധു അങ്ങ് തുടങ്ങിക്കോ, ഞാൻ എത്തുന്നു..’ എന്നാണ്. അതാണ് അദ്ദേഹത്തിന്റെ സ്പിരിറ്റ്. – കെ. മധു