എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ വിലയിരുത്താൻ ഈ മാസം 28ന് യുഡിഎഫ് യോഗം ചേരും. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ വന്പൻ തോൽവിയെക്കുറിച്ച് യുഡിഎഫും കോൺഗ്രസും അന്വേഷിക്കും. 27ന് വൈകുന്നേരം അഞ്ചിന് കെപിസിസി യോഗവും അതിനു ശേഷം രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്.
വട്ടിയൂർക്കാവിലേയും കോന്നിയിലേയും പരാജയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. രൂപീകൃതമായതുമുതൽ വിജയിക്കുകയും സുരക്ഷിത മണ്ഡലമായി കരുതിയിരുന്ന വട്ടിയൂർക്കാവിലെ പരാജയത്തെ വലിയ ആശങ്കയോടെ തന്നെയാണ് കോൺഗ്രസും യുഡിഎഫും കാണുന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിറ്റിംഗ് എംഎൽഎയായിരുന്ന കെ മുരളീധരന്റെ അസംതൃപ്തി തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായോ എന്ന് കോൺഗ്രസും യുഡിഎഫും പരിശോധിക്കും. അതുപോലെ 24 വർഷമായി കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന കോന്നിയിലെ പരാജയത്തെ ഗൗരവമായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.
സിറ്റിംഗ് എംഎൽഎ ആയിരുന്ന അടൂർപ്രകാശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്ന പരാതി ആദ്യം മുതൽ തന്നെ സ്ഥാനാർഥി പി മോഹൻരാജ് അടക്കം ഉന്നയിച്ചിരുന്നു. അടൂർപ്രകാശ് സ്വന്തം അനുയായി ആയിരുന്ന റോബിൻ പീറ്ററിനുവേണ്ടി അവസാനം നിമിഷം വരെ വാദിച്ചെങ്കിലും അത് കോൺഗ്രസ് നേതൃത്വം തള്ളികളഞ്ഞതിന്റെ നീരസം അദ്ദേഹത്തിനു ഉണ്ടായിരുന്നു.
കോന്നിയിൽ ഉണ്ടായിരുന്നിട്ടും കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഡൽഹിയ്ക്ക് പോകുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ ഏകോപനത്തിന്റെ ചുമതല അദ്ദേഹത്തിന് നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന പരാതി തന്നൊണ് ഉയരുന്നത്.
രണ്ടിടത്തെ തോൽവിയിലും കെ മുരളീധരനെതിരേയും അടൂർ പ്രകാശിനെതിരേയും കടുത്ത വിമർശനം രാജ്മോഹൻ ഉണ്ണിത്താനെപ്പോലെയുള്ള നേതാക്കൾ തന്നെ ഇതിനകം ഉയർത്തികഴിഞ്ഞു. ഈ രണ്ടിടത്തേയും തോൽവി കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും ചെളിവാരി എറിയലിനും കാരണമാകുന്ന് ഉറപ്പാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയം കൂടിയാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.
വട്ടിയൂർക്കാവിലെ പരാജയത്തിന്റെ ഉത്തരവാദി ജില്ലാ കോൺഗ്രസ് നേതൃത്വമാണെന്ന പരാതിയുമായി ഡിസിസി മെന്പർമാർ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഏകോപനത്തിലും ആസൂത്രണത്തിലും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി 40 ഓളം ഡിസിസി ഭാരവാഹികൾ കോൺഗ്രസ് നേതൃത്വത്തെ ഇന്നലെ തന്നെ സമീപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം മാറണമെന്നും അല്ലെങ്കിൽ കെപിസിസി നേതൃത്വം മാറ്റണമെന്നുമാണ് ആവശ്യം. ഐ ഗ്രൂപ്പുകരനാണ് നെയ്യാറ്റിൻകര സനൽ. അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യത്തോട് ഐ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോന്നിയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി ഒന്നടങ്കം മാറണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. എറണാകുളത്തെ വോട്ടു ചോർച്ചയെക്കുറിച്ചും അന്വേഷണം ഉണ്ടാകും. ഡെപ്യൂട്ടി മേയറായിരുന്ന ടിജെ വിനോദ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആ സ്ഥാനത്തേയ്ക്ക് പുതിയ ഒരാളെ കണ്ടത്തണം. കൊച്ചി മേയർ സൗമിനി ജയ്നെതിരെ ഹൈക്കോടതിയുടെ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിൽ മേയറേയും ഇതിനൊപ്പം മാറ്റുന്ന കാര്യം കെപിസിസി പരിശോധിക്കും.
പുതിയ നേതൃത്വത്തെ കോർപറേഷൻ ഭരണം ഏൽപ്പിക്കുന്ന കാര്യം കെപിസിസി ഗൗരവമായി പരിഗണിക്കുകയാണ്. ഘടകകക്ഷികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അരൂരിലെ ഷാനിമോൾ ഉസ്മാന്റെ വിജയവും മഞ്ചേശ്വരത്തെ മുസ്ലീംലീഗ് സ്ഥാനാർഥി എംസി കമറുദ്ദീന്റെ വിജയവുമാണ് യുഡിഎഫിനെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. എറണാകുളത്ത് വിനോദിന്റെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് വലിയ പരിശോധനയ്ക്ക് തന്നെ വിധേയമാക്കും.
എൽഡിഎഫ് സ്ഥാനാർഥി മനുറോയിയുടെ അപരൻ 2572 വോട്ട് പിടിച്ചില്ലായിരുന്നുവെങ്കിൽ ഭൂരിപക്ഷം വലിയ രീതിയിൽ കുറയുമായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയും അതേതുടർന്നു ഉണ്ടായ വെള്ളക്കെട്ടുമാണ് ഭൂരിപക്ഷം കുറയാനിടയാക്കിയെന്ന ന്യായം അത്രകണ്ട് വിലപ്പോവില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് തന്നെ അറിയാം. അതിനാൽ ശക്തമായ തിരുത്തൽ നടപടികളിലേയ്ക്ക് കോൺഗ്രസ് നേതൃത്വം കടക്കുമെന്ന് ഉറപ്പാണ്.