ഏക സിവില്നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെതിരേ പരിഹാസവുമായി കോണ്ഗ്രസ് നേതാവ് കെ.മുരളീധരന് എംപി രംഗത്ത്.
ചന്ദ്രയാന് മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരന് പരിഹസിച്ചു.
അതിന് കോണ്ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുത്തുചാടി ഷൈന് ചെയ്യരുതെന്ന് കോണ്ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്കിയതാണ്.
വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏര്പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരന് പരിഹസിച്ചു.
മുരളീധരന്റെ വാക്കുകള് ഇങ്ങനെ…ചന്ദ്രയാന് മൂന്ന് വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി.
അതിന് കോണ്ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ സിപിഐയുടെ ദേശീയ കൗണ്സില് യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്.
ആരും അതിന്റെ പേരില് ഓവര് സ്മാര്ട്ടാകാന് നോക്കരുതെന്നും അവര് പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് കോണ്ഗ്രസും പറഞ്ഞത്.
ഇന്നലെ കോണ്ഗ്രസിന്റെ നയരൂപീകരണ സമിതി യോഗത്തില് മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് ഈ നിയമത്തെ എതിര്ക്കാന് ഔദ്യോഗികമായി തീരുമാനിച്ചു.
മാത്രമല്ല, നാളെ 24 കക്ഷികളുടെ യോഗം ബംഗളൂരുവില് ചേരുകയാണ്. അതില് ഉള്പ്പെടെ അജന്ഡയില് വച്ച കാര്യമാണ്, എടുത്തു ചാടി അവര് കണ്വെന്ഷന് വച്ചത്.
അതുകൊണ്ട് വന്ന ദോഷം എന്താണെന്നുവച്ചാല്, എല്ഡിഎഫിലെ തന്നെ പലരും പങ്കെടുത്തില്ല. സിപിഐയുടെ നേതാക്കന്മാര് ആരും വന്നില്ല.
വനിതകളെ ആരെയും അവിടേക്ക് പ്രവേശിപ്പിച്ചില്ല. മേയറിന്റെയും മറ്റും പേര് ഉണ്ടായിരുന്നു. അതുപക്ഷേ, ലിസ്റ്റില് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരാരും പ്രസംഗിച്ചതായൊന്നും ഒരിടത്തും കണ്ടില്ല.’
എല്ഡിഎഫ് കണ്വീനറും എല്ഡിഎഫിലെ പല ഘടകകക്ഷികളും ആ സെമിനാറില്നിന്ന് വിട്ടുനിന്നു. ജനതാദളിന് വരാനും പറ്റാത്ത അവസ്ഥയായി.
കാരണം, ദളിന്റെ ദേശീയ തലത്തിലെ നിലപാട് ബിജെപിക്ക് ഒപ്പമാണ്. ഇങ്ങനെയൊക്കെയുള്ള ഒരുപാടു ന്യൂനതകളോടു കൂടി ഇന്നലത്തെ സെമിനാര് ചീറ്റിപ്പോയി.
അതിന് കോണ്ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എടുത്തുചാടി ഷൈന് ചെയ്യാന് നോക്കരുതെന്ന് ഞങ്ങള് ആദ്യമേ പറഞ്ഞതാണ്. വോട്ടുബാങ്ക് കണക്കാക്കി ചെയ്ത ഏര്പ്പാടാണ്. അത് വിപരീത ഫലമുണ്ടാക്കി.
ഈ സെമിനാറിന്റെ പേരില് യുഡിഎഫില്നിന്ന് മുസ്ലിം ലീഗിനെ അടര്ത്തിയെടുക്കാന് ശ്രമിച്ചെന്ന് ഇ.ടി.മുഹമ്മദ് ബഷീര് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള് സംഭവം വ്യക്തമായല്ലോ.
ഇവര്ക്ക് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനല്ല താല്പര്യം. പത്ത് വോട്ടു കിട്ടാനാണ്. അതിന്റെ ദുരന്തമാണ് ആ പാര്ട്ടി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. മുരളീധരന് പറഞ്ഞു.