മന്ത്രിമാരെ വേദിയിലിരുത്തി സര്ക്കാരിനെതിരേ കടുത്ത വിമര്ശനം ഉന്നയിച്ച നടന് ജയസൂര്യയെ പിന്തുണച്ച് കോണ്ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി
ജയസൂര്യ പറഞ്ഞത് ഈ നാട്ടിലെ കര്ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു.
മുരളീധരന്റെ വാക്കുകള് ഇങ്ങനെ…ഇന്നത്തെ കര്ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള് ഇത്തവണ നടത്തിയത് കര്ഷകരാണ്.
അവര് സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്ഡ് ഉടമകള്ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്.
സര്ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള് തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്ഷകന്റെ വികാരമാണ് അത്.
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്ഷകര്ക്ക് കൊടുത്തുതീര്ക്കാത്തതുമായി ബന്ധപ്പെട്ട് നടന് ജയസൂര്യ കഴിഞ്ഞ ദിവസം നടത്തിയ പരാമര്ശം കേരളത്തിലാകെ ചൂടുപിടിച്ച ചര്ച്ചയായി തീര്ന്നിരുന്നു.
കളമശ്ശേരിയിലെ പരിപാടിയില് നടത്തിയ വിമര്ശനത്തിന് മറുപടിയായി, ‘ജയസൂര്യ നല്ല അഭിനേതാവാണ്. അദ്ദേഹം ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടത്’ എന്നായിരുന്നു കൃഷിമന്ത്രി പി.പ്രസാദ് പിന്നീട് പ്രതികരിച്ചത്.
എന്നാല്, പൊട്ടിപ്പോയത് കൃഷി മന്ത്രിയുടെ സിനിമയാണെന്ന് കെ. മുരളീധരന് പരിഹസിച്ചു.
കൃഷിമന്ത്രി ഇറക്കിയ കൃഷി അല്ലാതെ കര്ഷകര് ആരും തന്നെ കൃഷി ഇറക്കുന്നില്ലെന്ന് പറഞ്ഞ മുരളീധരന്, എന്തുകൊണ്ട് അതേവേദിയില് വെച്ച് ജയസൂര്യയുടെ പരാമര്ശങ്ങള്ക്ക് കൃഷിമന്ത്രി മറുപടി നല്കിയില്ലെന്നും ചോദിച്ചു.