ചേർത്തല: കെ.മുരളീധരനെ പോലെ കാപട്യ മുഖമുള്ള രാഷ്ട്രീയക്കാരനെ കേരളം കണ്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തലയിൽ യോഗം കൗണ്‍സലിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ലീഗിനെ തള്ളിപ്പറയുന്ന മുരളി വടകരയിൽ ചെന്നതോടെ തങ്ങളുടെ കാലിൽ വീണു.
തരം പോലെയാണ് ഇയാൾ നിലപാട് മാറ്റുന്നത്. തിരഞ്ഞെടുപ്പിലെ യോഗത്തിന്റെ നിലപാട് സംബന്ധിച്ച് മാർഗ നിർദ്ദേശം നൽകുന്നത് ശരിയല്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇക്കുറി ശരിദൂര നിലപാടാണ് സ്വീകരിക്കുക. തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്പോൾ നേതൃയോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും.
യോഗ നേതൃത്വത്തെ പിൻതുടർന്ന് നിരന്തരം വേട്ടയാടുന്ന വി.എം.സുധീരന്റെ മനസ് കറുത്തതും വികൃതവുമാണ്. സുധീരൻ കോണ്‍ഗ്രസിന്റെ അന്തകനാണ്. തലയിൽ ആൾതാമസമുള്ള ആരും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കില്ല.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ തോൽപ്പിക്കാനേ ഇത്തരം പ്രചരണങ്ങൾ ഉപകരിക്കു. പുണ്യവാളനാകാൻ ശ്രമിച്ച സുധീരൻ പാപിയായി മാറി. താനില്ലെങ്കിൽ പിന്നെ പ്രളയം എന്നതാണ് സുധീരന്റെ നിലപാട്.തുഷാറിന്റെ സ്ഥാനാർത്ഥിത്വം യോഗത്തെ ബാധിക്കുന്ന വിഷയമല്ല.
ഇത്തരം കാര്യങ്ങൾ യോഗം ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യേണ്ട കാര്യവുമില്ല. തുഷാർ മത്സരിക്കുകയാണെങ്കിൽ യോഗഭാരവാഹിത്വം ഒഴിയണമെന്ന മുൻ നിലപാടിൽ മാറ്റമില്ല. ആവശ്യമെങ്കിൽ രാജിവെയ്ക്കാൻ സന്നദ്ധനാണെന്ന നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ സംഘടനാ ബോധമാണ് തെളിയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.