പേരാമ്പ്ര: 25 വർഷം മുമ്പ് പടിഞ്ഞാറത്തറയിൽ കെ. കരുണാകരനും പൂഴിത്തോട്ടിൽ പി.കെ.കെ. ബാവയുമിട്ട തറക്കല്ലുകൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുമെന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണു വയനാട്ടിൽ എംപിയാകുന്നത്.
കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റെ നിയമക്കുരുക്കു കാരണം പൂർത്തിയാകാതെ കിടക്കുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് പുതിയ സാഹചര്യത്തിൽ സാക്ഷാത്കരിക്കപ്പെടുമെന്നു പൂഴിത്തോട്ടിൽ പ്രചാരണത്തിനിടെ മുരളീധരൻ പറഞ്ഞു.
നാട്ടുകാർ റോഡിനായി വിട്ടു കൊടുത്ത സ്ഥലം അനാഥമാകില്ലെന്നു നിറഞ്ഞ കൈയടികൾക്കിടയിൽ മുരളി പറഞ്ഞു. കോഴിക്കോട്ടു നിന്നു വയനാട്ടിലേക്കു ഗതാഗത സൗകര്യങ്ങൾ വർധിക്കുന്നത് ഗുണകരവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.എ. ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജെ. തോമസ്, എസ്.കെ. അസയിനാർ, സത്യൻ കടിയങ്ങാട്, പി. വാസു, എസ്.പി. കുഞ്ഞമ്മത്, ടി.കെ. ഇബ്രാഹിം, മൂസ കോത്തമ്പ്ര, ജിതേഷ് മുതുകാട്, രാജൻ വർക്കി, അഗസ്റ്റിൻ അമ്പാട്ട്, ഷൈലജയിംസ്, സെമിലി സുനിൽ, ടി.ഡി ഷൈല, ബോബൻ വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.