കോഴിക്കോട്: കോവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണക്കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ലെന്ന് കെ. മുരളീധരൻ. ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ. ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
കോൺഗ്രസിന്റെ പ്രവർത്തന ശൈലിയും ഘടനയും മാറണമെന്നും കെ. മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണ്. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു.
2001 ന് ശേഷം കോൺഗ്രസ് കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കോൺഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന പ്രതിജ്ഞയാണ് കരുണാകരന്റെ ഈ അനുസ്മരണ വേളയിൽ എടുക്കേണ്ടത്. എന്തു കൊണ്ട് തോറ്റു എന്നതല്ല,എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണം.
ചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.