തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കും ജനദ്രോഹപരമായ നിലപാടുകൾക്കും എതിരായ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കെ. മുരളീധരൻ എംഎൽഎ. ശക്തമായ സമരങ്ങളുണ്ടാകുന്നില്ലെന്നും സമരരീതികൾ മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നെന്നും മുരളീധരൻ കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷൻമാരുടെയും സംയുക്തയോഗത്തിൽ തുറന്നടിച്ചു.
സർക്കാരിനെതിരായ പ്രതിഷേധ സമരത്തിൽ പാർട്ടിയുടെയും മുന്നണിയുടെയും സമീപനം മാറ്റണം. സർക്കാരിനെതിരായ സമരം നേതാക്കൻമാർ ഗൗരവത്തോടെ കാണണം. പനി, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ സമരം കൂടുതൽ ശക്തമാക്കണം.
ക്ലിഫ് ഹൗസിൽ നിന്നു കന്റോണ്മെന്റ് ഹൗസിലെത്തിയ നിങ്ങൾക്ക് പോകാൻ ഇനി ഏതു ഹൗസാണുള്ളതെന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങിയെന്നും പ്രതിപക്ഷനേതാവ് കൂടി പങ്കെടുത്ത യോഗത്തിൽ മുരളീധരൻ വിമർശനം ഉന്നയിച്ചു.
മൂന്നാർ വിഷയത്തിൽ എ.കെ. മണിയുടെ വിശദീകരണം കിട്ടിയിട്ടുണ്ടെന്നും പാർട്ടി രാഷ്ട്രീയകാര്യസമിതി അതു ചർച്ചചെയ്ത ശേഷം വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കെപിസിസി അധ്യക്ഷൻ എം.എം ഹസൻ യോഗത്തെ അറിയിച്ചു.