കോഴിക്കോട്: എല്ലാ രാഷ്ട്രീയക്കാരും ഒരു പോലെ അംഗീകരിച്ച നേതാവായിരുന്നിട്ടും സ്വന്തം പാർട്ടിയിൽ നിന്നു തന്നെയാണ് കെ. കരുണാകരന് വെല്ലുവിളികൾ ഉണ്ടായിരുന്നതെന്ന് മകനും എംഎൽഎയുമായ കെ.മുരളീധരൻ. ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കവറിന്റെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുരളീധരൻ.
ചാരകേസ്, പാമോയിൽ കേസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. തട്ടിൽ എസ്റ്റേറ്റ് കൊലക്കേസിൽ കരുണാകരനെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കാൻ എല്ലാ നീക്കവും നടത്തിയിരുന്നത് അന്നത്തെ കോൺഗ്രസ് സർക്കാർ ആയിരുന്നു. എല്ലാ പ്രതികൂല അവസ്ഥയെയും അനുകൂലമാക്കി മാറ്റിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
സർവീസിലുള്ള കാലത്ത് ബോധമില്ലാതെ ജോലി ചെയ്തവർ സർവീസിൽ നിന്ന് വിരമിച്ച ശേഷം പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കൊച്ചി, തിരുകൊച്ചി, കേരള നിയമസഭ, ലോക് സഭ, രാജ്യസഭ തുടങ്ങി എല്ലാ നിയമ നിർമാണ സഭകളിലും കെ. കരുണാകരൻ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളവും, നെടുന്പാശേരി വിമാനത്താവളവുമെല്ലാം അദ്ദേഹത്തിന്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമാണെന്നും മുരളീധരൻ പറഞ്ഞു.
കേരള നോർത്തേൺ റീജൺ പോസ്റ്റ്മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച്ച്. റിസ്വി, മേയർ തോട്ടത്തിൽ രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ മന്ത്രി എം.ടി. പത്മ, കെ. പ്രവീൺ കുമാർ, കെ.സി. അബു, കോഴിക്കോട് പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് എ. സുധാകരൻ, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ കെ. പ്രേംലാൽ, കെ. രാമചന്ദ്രൻ, യു.വി. ദിനേശ് മണി തുടങ്ങിയവർ പ്രസംഗിച്ചു.