കോഴിക്കോട്: കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമേ ഇനി രാഷ്ട്രീയത്തിൽ സജീവമാവുകയുള്ളുവെന്ന് കെ.മുരളീധരൻ.കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള മൂഡിപ്പോൾ ഇല്ലെന്ന് വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് ഒരുകാലത്തും പോകില്ലെന്നും രാജ്യസഭയ്ക്ക് താൻ എതിരാണെന്നും മുരളി വ്യക്തമാക്കി.കേരളത്തിൽ 18 സീറ്റുകളിൽ മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തൽസ്ഥാനത്തു നിന്നും ഒരു കാരണവശാലും മാറ്റേണ്ട കാര്യമില്ലെന്നും മുരളി പറഞ്ഞു.
ബിജെപിൽ വന്നാലെ രക്ഷയുള്ളു മുരളിക്ക് എന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോൾ അതിലും ഭേദം വീട്ടിലിരിക്കുകയാണെന്നായിരുന്നു മുരളിയുടെ മറുപടി.വടകരയിൽ നിന്ന് തൃശൂരിലേക്ക് മത്സരിക്കാൻ പോയതിന് മറ്റാരെയുമല്ല എന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നതു കേട്ട് എടുത്തു ചാടാൻ പാടില്ലായിരുന്നുവെന്നും ഇനി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പരാജയത്തിന് ആരേയും താൻ ഇതുവരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് ജനങ്ങൾക്കറിയാമെന്നും തെരഞ്ഞെടുപ്പിൽ അവർ മറുപടി നൽകുമെന്നും മുരളി പറഞ്ഞു.പൊതുപ്രവർത്തനത്തിൽ നിന്ന് തത്കലാം മാറി നിൽക്കുന്നതായി മുരളി ആവർത്തിച്ചു. കെപിസിസി അധ്യക്ഷസ്ഥാനത്തിനോ മറ്റേതെങ്കിലും സ്ഥാനത്തിനോ വേണ്ടി ഒരു ആവശ്യവും നേതൃത്വത്തിനു മുന്നിൽ വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പരാജയം അന്വേഷിക്കാൻ ഒരു അന്വേഷണകമ്മീഷനേയും നിയമിക്കേണ്ടതില്ല. അന്വേഷണകമ്മീഷൻ വരുന്പോൾ വീണ്ടും അനുകൂലികളും എതിർക്കുന്നവരും തമ്മിൽ പ്രശ്നങ്ങളുണ്ടാകും. മാത്രമല്ല അന്വേഷണകമ്മീഷൻ വന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. ഞാൻ കമ്മീഷൻ റിപ്പോർട്ടുകൾ കണ്ടിട്ടുള്ളയാളാണ്.
തൃശൂരിൽ വോട്ടുകൾ മറിഞ്ഞതുകൊണ്ടല്ല മറിച്ച് പരന്പരാഗത കത്തോലിക്കസഭ വോട്ടുകളിൽ വിള്ളലുണ്ടായതാണ് തിരിച്ചടിയായത്. തൃശൂരിനൊരു കേന്ദ്രമന്ത്രി വേണമെന്ന് യുവതലമുറയടക്കം തീരുമാനിച്ചപ്പോൾ വോട്ടുകളിൽ വിള്ളലുണ്ടായതാണ് തിരിച്ചടിക്ക് കാരണമായതെന്ന്് മുരളി ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ