തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പരിഭവത്തിലായ കെ. മുരളീധരനെ അനുനയിപ്പിക്കാൻ നേത്താക്കൾ ശ്രമം നടത്തുന്നതിനിടെ കെ.മുരളീധരനെ പിന്തുണച്ച് തലസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “നയിക്കാൻ നായകൻ വരട്ടെ’എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകൾ കെപിസിസി, ഡിസിസി ഓഫീസുകൾക്കു മുന്നിലും വട്ടിയൂർക്കാവിലുമാണ് പ്രത്യക്ഷപ്പെട്ടത്.
“പ്രിയപ്പെട്ട കെഎം, തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ എന്നും അജയ്യനാണ്. അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ. കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണം’ എന്ന് കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പതിച്ചിരിക്കുന്നത്.
തൽകാലം പൊതുരംഗത്തുനിന്നുതന്നെ വിട്ടുനിൽക്കുകയാണെന്നും ഇനിയൊരു മത്സരത്തിനോ കോൺഗ്രസ് കമ്മിറ്റികളിലോ പങ്കെടുക്കാനില്ലെന്നും തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കെ.മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ. മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
കെ മുരളീധരന് പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വി.കെ.ശ്രീകണ്ഠനും പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് കെ മുരളീധരന് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇത് മുരളീധരന് തള്ളിയിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരൻ വീണ്ടും വട്ടിയൂര്‍ക്കാവിൽ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം കെ.മുരളീധരന് ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു.