കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്ട്ര കോണ്‍ഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാർത്തയിൽ വീണ്ടും വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ.
പ്രോട്ടോക്കോൾ ലംഘിച്ചില്ലെന്ന വാദം ആവർത്തിച്ച കേന്ദ്ര മന്ത്രി എന്താണ് പ്രോട്ടോക്കോൾ ലംഘനമെന്ന് അറിഞ്ഞാൽ കൊള്ളാമെന്നു തിരിച്ചു ചോദിച്ചു. ആർക്കു വേണമെങ്കിലും പരാതി നൽകാമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് മുരളീധരൻ പറയുന്നത്.
വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് അതിന്റെ ഉത്തരമൊക്കെ നിങ്ങൾക്ക് കിട്ടിയില്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. താങ്കൾക്കെതിരെ ബിജെപിയിൽ പടയൊരുക്കമുണ്ടോ എന്ന ചോദ്യത്തിനു ബിജെപിയിൽ പടയൊരുക്കമുണ്ടെന്നും എന്നാൽ അതു സിപിഎമ്മിനെതിരേ ആണെന്നുമായിരുന്നു മന്ത്രി മറുപടി നൽകിയത്.
അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പിആർ ഏജൻസി ഉടമ സ്മിത മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായാണു റിപ്പോർട്ടുകൾ പുറത്തുവന്നത്.
പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പരാതിയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോടു വിശദീകരണം തേടിയത്. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ അരുണ്‍ കെ. ചാറ്റർജിയോടു ഇതു സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശ നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു.
അബുദാബിയിലെ യോഗത്തിൽ നയതന്ത്ര പ്രതിനിധിയോ ഒൗദ്യോഗിക പ്രതിനിധിയോ അല്ലാത്ത സ്മിതാ മേനോൻ പങ്കെടുത്തതിന്റെ ഫോട്ടോ സഹിതം ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ നൽകിയ പരാതിയിലാണ് പിഎംഒയുടെ നടപടി. ഇന്ത്യൻ സംഘത്തിന്റെ ഭാഗമല്ല സ്മിതയെന്നു വിവരാവകാശ നിയമ പ്രകാരം ഇന്ത്യൻ എംബസി മറുപടി നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
2019 നവംബറിലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നത്. ഒൗദ്യോഗിക പ്രതിനിധിയോ നയതന്ത്ര പ്രതിനിധിയോ അല്ലാത്ത ആൾ യോഗത്തിൽ പങ്കെടുത്തത് വലിയ സുരക്ഷാ വീഴ്ചയാണെന്നും നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
മന്ത്രിയുടെ വിദേശ സമ്മേളനത്തിൽ പിആർ ഏജൻസി ഉടമ പങ്കെടുത്തത് പുറത്തായതിനു പിന്നാലെ സ്മിതാ മേനോനെ മഹിളാ മോർച്ച സെക്രട്ടറിയായി നിയമിച്ചത് മറ്റൊരു വിവാദത്തിനു തിരി കൊളുത്തിയിരുന്നു.