പയ്യന്നൂര്‍: ഇന്ത്യക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ അനുയായികളായ ആര്‍എസ്എസ് വളര്‍ന്നിട്ടില്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തംചിന്തിയ ചരിത്രമാണ് എല്ലാ മതവിഭാഗത്തില്പെട്ടവര്ക്കുള്ളതെന്നും കെ.മുരളീധരന് എംപി. മുസ്ലിം കോർഡിനേഷന്‍ കമ്മറ്റി പയ്യന്നൂരില്‍ സംഘടിപ്പിച്ച പൗരത്വ ബില്ലിനെതിരെയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്.രാജ്ഭവനില്‍ താമസിച്ച് ബിജെപി പ്രസിഡന്റിന്റെ ജോലിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും രാജഗോപാലിന് വേണ്ടാത്ത പൗരത്വ നിയമം നടപ്പാക്കാന്‍ വാശി പിടിക്കുന്ന ആരിഫ് മുഹമ്മദ് ഖാന് സര് സി.പി.യുടെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും മുരളീധരന് പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാന്‍ അധികാരത്തില്‍ വന്നവര്‍ ഇന്ത്യയെ ഇന്റർനെറ്റ് പോലുമില്ലാത്ത രാജ്യമാക്കിയെന്നും ഭരണപരാജയത്തിന് മറയിടാന്‍ പൗരത്വ ബില്ലു പോലുള്ള വര്‍ഗ്ഗീയ കാര്ഡുകളിറക്കുകയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ.എം.ഷാജി എംഎല്‍എ പറഞ്ഞു.കര്‍ഷക ആത്മഹത്യയും തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയാതിരിക്കാനാണ് ഭരണഘടനാ വിരുദ്ധമായ നയം കൊണ്ടുവന്നത്.
ഇവരുടെ ചൊല്പ്പടിയില് നില്‍ക്കാത്തതാണ് ഇന്ത്യയെന്ന് തിരിച്ചറിയാന്‍ അവസരമൊരുക്കിയതിന് മോദിയോട് നന്ദി പറയണമെന്നും അദ്ദേഹം പറഞ്ഞു. കെ.ടി സഹദുള്ള അധ്യക്ഷത വഹിച്ചു. പി.വി.ഹസന്‍കുട്ടി, അജിത് കുമാര്‍ ആസാദ്, അഡ്വ. ഡി.കെ ഗോപിനാഥ്, വി.ബാലന്, മധു കക്കാട്, പി.വി.ദാസന്, കെ.സി ലതികേഷ്, എ.വി.തമ്പാന്, ബി.സജിത് ലാല്‍,സയിദ് കെ.പി.പി.തങ്ങള്‍, സയ്യിദ് സഫ്വാന് തങ്ങള്‍, സയ്യിദ് ഹുസൈതങ്ങള്, എസ്.കെ.ഹംസ ഹാജി,എസ്.എ. ശുക്കൂര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.