കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. ശതീശന്റെ ബലൂൺ വിമർശനത്തിനെതിരേ കെ. മുരളീധരന്റെ പരിഹാസം. ആളുകളെ വിലകുറച്ചു കണ്ടാൽ ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാകുമെന്നായിരുന്നു മുരളീധരൻ.
പലരെയും വില കുറച്ചു കണ്ടാൽ പിന്നീട് തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോൾ ഉണ്ട്.
അതുകൊണ്ടു തന്നെ ആരെയും നിസാരവത്ക്കരിക്കേണ്ടതില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ശീലമാക്കിയ രീതിയാണിത്. ഓരോരുത്തരും അവരുടെ റോൾ ചെയ്യുന്പോഴാണ് പാർട്ടി മുന്നോട്ട് നീങ്ങുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ശശി തരൂർ കേരളത്തിൽ സന്ദർശനം നടത്തുന്നത് വിഭാഗീയതയുടെ ഭാഗമായല്ല. പാർട്ടി വേദികളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.പാർട്ടിയുടെ ക്ഷണം കിട്ടിയിട്ടാണ് അദ്ദേഹം ഇവിടെ എത്തിയത്.
കോഴിക്കോട്ട് നിശ്ചയിച്ച പരിപാടി നടന്നില്ലായിരുന്നെങ്കിൽ കോൺഗ്രസിന് വലിയ ക്ഷീണമായി മാറുമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.