തിരുവനന്തപുരം: കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് കെ. മുരളീധരന്‍എംപി. രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന് നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം.
ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ അപാകതകള്‍ ഉണ്ട്. തര്‍ക്കം ഉന്നയിച്ചവരെല്ലാം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പ്രകടമാകുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായി അകന്ന് നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല.
കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിറ്റിംഗ് എംപിമാര്‍ തയാറാകാതെ മാറി നിന്നാല്‍ പരാജയഭീതിമൂലമാണെന്ന പ്രതീതി ഉണ്ടാകും.
പുതുമുഖങ്ങള്‍ വന്നാല്‍ താന്‍ മാറി നില്ക്കാന് തയാറാണ്. അവര്‍ക്ക് അവസരം നല്‍കും. വടകരയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇനിയും മത്സരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുരളീധരന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
സമുദായ നേതാക്കളുമായുള്ള ബന്ധത്തില്‍ അകലം വന്നു. ഗ്രൂപ്പ് മറന്ന് ഒന്നിക്കേണ്ട സമയമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഗ്രൂപ്പ് യോഗം ഒഴിവാക്കേണ്ട തായിരുന്നുവെന്നും കെ. മുരളീധരന് പറഞ്ഞു.
ശശിതരൂര്‍ ജനപിന്തുണയുള്ള നേതാവാണ്. തരൂരിനെ മാറ്റി നിര്‍ത്താനാകില്ല. ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നത് പ്രശ്നമുണ്ടാക്കും.
സുല്‍ത്താന്‍ ബത്തേരി ക്യാന്പിലുണ്ടായ ആവേശം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കം തുടര്‍ന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ലെ സ്ഥിതി ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എഐ ഗ്രൂപ്പുകള്‍ സംയുക്തമായി യോഗം ചേര്‍ന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് കെ. മുരളീധരന്റെ അഭിപ്രായം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കൂടിയാലോചനകളും ഗ്രൂപ്പ് നേതാക്കളോട് ആലോചിക്കാതെയും കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെയാണ് ഇന്നലെ ബെന്നിബെഹനാന്, രമേശ് ചെന്നിത്തല, എം.എം ഹസന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗം ചേര്‍ന്നത്.
ഹൈക്കമാന്റിനെ സമീപിക്കുന്നതിന് മുന്‍പ് തങ്ങളുടെ നിലപാട് കെ.സുധാകരനെ ഇന്നലെ നേതാക്കള്‍ അറിയിച്ചിരുന്നു.
എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.
കേരളത്തിലെ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ എത്താതിരിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം. സമവായചര്‍ച്ചകള്‍ തുടരാനുള്ള ശ്രമമാണ് കെ.സുധാകരന് നടത്തുന്നത്. ഇതിന് മുന്നോടിയായി കെ.സുധാകരന് വി.ഡി.സതീശനുമായി ചര്‍ച്ചനടത്തും.
എന്നാല്‍ ജില്ലാ അടിസ്ഥാനങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍. കേരളത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും എം.എം. ഹസനും.