കോഴിക്കോട്: കാഷായവസ്ത്രം ധരിച്ച് ആളുകളെ വെടിവച്ചു കൊല്ലുന്ന കള്ള സന്യാസിമാരാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഘവുമെന്നു കോണ്ഗ്രസ് എംപി കെ. മുരളീധരൻ. കോഴിക്കോട്ട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗകീക സുഖങ്ങൾ വെടിഞ്ഞവനായിരിക്കണം ഒരു സന്യാസി എന്നാണു ഹിന്ദു മതത്തിൽ പറയുന്നത്. കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ചാൽ പിന്നെ വേറെ പണിക്കൊന്നും പോകരുത്. പക്ഷേ, യോഗി കാണിക്കുന്നത് എന്താണ്?, കാഷായ വസ്ത്രം ധരിച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ജയിക്കുക, കൊടിവച്ച കാറിൽ കയറുക, ആളുകളെ വെടിവച്ചു കൊല്ലുക. പത്തുനൽപതു പേരെയാണ് ഉത്തർപ്രദേശിൽ വെടിവച്ചു കൊന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
മുസ്ലിംകൾ അതിഥികളാണെന്നാണു കഴിഞ്ഞ ദിവസം ഒരു ആർഎസ്എസുകാരൻ പറഞ്ഞത്. ഇതു പറയാൻ അവരുടെ തറവാട്ടു സ്വത്താണോ ഇന്ത്യയെന്നും മുരളി ചോദിച്ചു. ഹിന്ദു പുരാണത്തിൽ ആദ്യത്തെ കള്ള സന്യാസിയായതു രാവണനാണെങ്കിൽ ആ രാവണന്റെ പിൻഗാമികളായ കള്ള സന്യാസിമാരാണ് ഇന്ന് ആർഎസ്എസിനെ നയിക്കുന്നതെന്നും കോണ്ഗ്രസ് എംപി പരിഹസിച്ചു.