സ്വപ്നപദ്ധതിയായ കെ ഫോണിന്റെ ഫണ്ട് മുടങ്ങിയതോടെ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയ്ക്കായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയെങ്കിലും കരാറെടുത്ത ബെല്‍ കണ്‍സോര്‍ഷ്യത്തിനു കഴിഞ്ഞ മൂന്നു മാസമായി ഒരു ബില്‍ തുക പോലും അനുവദിച്ചില്ല.
പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്കു നല്കിയ 85 കോടിയില്‍ 24 കോടി സര്‍ക്കാര്‍ പിടിച്ചുവയ്ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി.
കൃത്യസമയത്തു ബില്‍ മാറി പണം അനുവദിക്കാനാകാതെ വന്നതോടെ, ബെല്‍ കണ്‍സോര്‍ഷ്യം ഉദ്യോഗസ്ഥരെ പിന്‍വലിച്ചുതുടങ്ങി.
10 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ആ തുകയും എത്തിയില്ല. വാര്‍ഷിക പരിപാലനത്തുക ഒഴിച്ചുനിര്‍ത്തിയാല്‍ 1168 കോടി രൂപയുടേതാണു കെ ഫോണ്‍ പദ്ധതി.
പദ്ധതിയുടെ 30 ശതമാനം മുടക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ബാക്കി കിഫ്ബി വായ്പയാണ്. ഇതു കെ ഫോണ്‍ തിരിച്ചടയ്ക്കണം.
ബെല്‍ കണ്‍സോര്‍ഷ്യം നല്കുന്ന ബില്ലുകള്‍ കിഫ്ബിക്കും സര്‍ക്കാരിനുമാണു കെ ഫോണ്‍ നല്‍കുക. ഓരോ ബില്ലിലും സര്‍ക്കാരിന്റെ വിഹിതം കിട്ടിയാല്‍ മാത്രമേ കിഫ്ബി പണം അനുവദിക്കൂ.
ബെല്‍ കണ്‍സോര്‍ഷ്യം ഏതാണ്ട് 950 കോടി രൂപ മുടക്കിക്കഴിഞ്ഞു. നല്കിയ 750 കോടിയുടെ ബില്ലുകളില്‍ 550 കോടി മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. ഈ സാമ്പത്തിക വര്‍ഷം ഏതാനും ചെറിയ ബില്ലുകള്‍ മാത്രമാണ് മാറി നല്‍കിയത്.
അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു വേഗം കൂട്ടാന്‍ കേന്ദ്രം പ്രഖ്യാപിച്ച പിഎം ഗതിശക്തി പദ്ധതിയില്‍ കേരളം 300 കോടി ആവശ്യപ്പെട്ടപ്പോഴാണ് 85 കോടി അനുവദിച്ചത്.
കെ ഫോണിനു മാത്രമായി നല്കിയ ഈ തുകയിലൊരു ഭാഗമാണ് സംസ്ഥാനം ചെലവിടാതെ പിടിച്ചുവച്ചത്. പണം നല്കിയ പ്രവൃത്തി കെ ഫോണിനു പൂര്‍ത്തിയാക്കാനാകാത്തതു മൂലമുള്ള പ്രതിസന്ധിയുമുണ്ട്.
14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്കാന് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പണം അനുവദിച്ചതാണ്.
ഒരു വര്‍ഷമായിട്ടും 4000 കണക്ഷനുകള്‍ നല്‍കാനേ കഴിഞ്ഞിട്ടുള്ളൂ. ഉത്തരവാദിത്തം കരാര്ക്കമ്പനിക്കു മേല്‍വച്ചു കൈകഴുകുകയാണ്.
കെ ഫോണ്‍ പ്രതീക്ഷിച്ച് സംസ്ഥാനത്തെ പല സ്കൂളുകളിലും ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന് വിച്ഛേദിച്ചിരുന്നു. ഇപ്പോള്‍ അധ്യാപകര്‍ തങ്ങളുടെ സ്വന്തം ചെലവില്‍ മൊബൈല്‍ ഡേറ്റ ഉപയോഗിച്ചാണ് കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകുന്നത്.