കൊച്ചി: കെ-ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നല്കിയ ഹര്‍ജിയില്‍ പൊതുതാല്പ്പര്യമെന്തെന്ന് ഹൈക്കോടതി. 2019ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്തിന്.
ഇത് പൊതുതാല്പ്പര്യമാണോ പബ്ലിസിറ്റി താല്പ്പര്യമാണോയെന്ന് പരിശോധിക്കണം. സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു.
പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഓരോ ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അതിനനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഗുണനിലവാരമില്ലാത്ത കമ്പനികള്‍ക്ക് അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്കി.
ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയുടെ കരാറുകള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ എല്ലാം കോടതിയുടെ ഇടപെടലില്‍ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്.