തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ കരാറിൽ കണ്‍സോർഷ്യം വ്യവസ്ഥകൾ ലംഘിച്ച് പണം നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിഎജി.
ഇതേക്കുറിച്ച് സിഎജി സർക്കാരിനോട് വിശദീകരണം തേടി.
പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വ്യവസ്ഥകൾ മറികടന്ന് കെ ഫോണ്‍ ബെൽ കണ്‍സോർഷ്യത്തിന് നൽകിയതിലൂടെയാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു.
കന്പനിക്ക് യാതൊരു വ്യവസ്ഥയും പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ 109 കോടി രൂപ അഡ്വാൻസ് നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ടിലുണ്ട്.
1531 കോടി രൂപയ്ക്കായിരുന്നു കരാർ നൽകിയിരുന്നത്. കെഎസ്ഇബി ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശം മറികടന്നാണ് സർക്കാർ കരാറുമായി മുന്നോട്ട് പോയത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിർദേശം മാത്രം വിശ്വസിച്ചാണ് പത്ത് ശതമാനം മൊബിലൈസേഷൻ ഫണ്ടിൽ നിന്ന് അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയാറായത്. 2013 ലെ സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശകൂടി ഉൾപ്പെട്ടതാണ്.
പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും വ്യവസ്ഥ.
കെഫോണുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനോട് സിഎജി വിശദീകരണം തേടിയ സാഹചര്യത്തിൽ സിഎജിയും സർക്കാരും തമ്മിൽ വീണ്ടുമൊരു ഏറ്റുമുട്ടലിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിഎജി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.