ഇടുക്കി: ജന്മനാ ബധിരയും മൂകയുമായിരുന്ന അഭിരാമി ഇനി കേൾവിയുടെ ലോകത്തിൽ കാതോർത്ത്. ഇടമലക്കുടിയിൽ റോഡ് നിർമാണം ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് അഭിരാമി എന്ന കൊച്ചു സുന്ദരിയെ ആദ്യമായി കണ്ടതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.
കേൾവിയും കാഴ്ചയും ഇല്ലാത്ത കുട്ടിയാണ് അഭിരാമി എന്നറിഞ്ഞതിനെ തുടർന്ന് പട്ടിക വർഗ വികസന വകുപ്പും സർക്കാരും ചേർന്ന് തിരുവനന്തപുരം നിഷിൽ വിദഗ്ധ പരിശോധനകൾ നടത്തി അഭിരാമിക്ക് ശ്രവണസഹായി ഘടിപ്പിച്ചു നൽകി. സന്തോഷ വാർത്ത പങ്കിട്ടുകൊണ്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കേൾവിയുടെ ലോകത്തേക്ക് … കൊച്ചു കൊച്ചു വാക്കുകൾ പറഞ്ഞ് ചെറു പുഞ്ചിരിയുമായി അഭിരാമി… ഇടമലക്കുടിയിൽ നിന്നുള്ള ഈ കുരുന്ന് ജന്മനാ ബധിരയും മൂകയുമായിരുന്നു. കഴിഞ്ഞ മെയ് 29 ന് ഇടമലക്കുടിയിൽ റോഡ് നിർമാണോദ്ഘാടനത്തിന് ചെന്നപ്പോഴാണ് അഭിരാമിയെ കണ്ടത്. തുടർന്ന് പട്ടിക വർഗ വികസന വകുപ്പും സർക്കാരും ചേർന്ന് തിരുവനന്തപുരം നിഷിൽ വിദഗ്ധ പരിശോധനകൾ നടത്തി ശ്രവണസഹായി ഘടിപ്പിച്ചു.
നന്ദിയുടെയും സ്നേഹത്തിന്റെയും പൂച്ചെണ്ടുകളുമായി അഭിരാമി ഇന്നലെ അടിമാലിയിൽ നവ കേരള സദസ്സിനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ റോസാപ്പൂക്കൾ നൽകി വരവേറ്റതും അഭിരാമിയായിരുന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.