ജിബിൻ കുര്യൻ
കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമൻ ഇനി പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ.
നിയമസഭയിൽ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ രാധാകൃഷ്ണൻ ഇരിക്കും. നേരത്തെ എം.വി. ഗോവിന്ദൻ ഇരുന്ന രണ്ടാമത്തെ കസേരയാണ് ചേലക്കര അംഗം കൂടിയായ കെ.രാധാകൃഷ്ണന് അനുവദിച്ചത്.
ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനായിരുന്നു രണ്ടാമൻ. മുഖ്യമന്ത്രി ചികിത്സയ്ക്കു വിദേശത്തു പോയപ്പോൾ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചതു ജയരാജനായിരുന്നു.
ജയരാജൻ ഇടക്കാലത്ത് രാജിവച്ച സമയത്ത് സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരനെയാണ് രണ്ടാമനായി പരിഗണിച്ചത്.മന്ത്രിമാരിൽ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയങ്കരനാണ് രാധാകൃഷ്ണൻ.
പാർട്ടിയിൽ ഒരു വിഭാഗത്തോടും പ്രത്യേക കൂറും മമതയും കാണിക്കാത്ത രാധാകൃഷ്ണൻ സിപിഎം സംസ്ഥാന നേതൃത്വത്തിനും പ്രിയങ്കരനാണ്.
മന്ത്രിമാരിൽ പിണറായി വിജയൻ കഴിഞ്ഞാൽ അനുഭവ സന്പത്തിലും പാർട്ടി പദവിയിലും ഏറ്റവും സീനിയറായ നേതാവാണ് കെ.രാധാകൃഷ്ണൻ.
നായനാർ മന്ത്രിസഭയിൽ പിണറായി വിജയൻ ആദ്യം മന്ത്രിയാകുന്പോൾ രാധാകൃഷ്ണനും മന്ത്രിയായിരുന്നു. തുടർന്ന് അദ്ദേഹം പ്രതിപക്ഷ ചീഫ് വിപ്പായി. പിന്നീട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
സ്പീക്കർ എന്ന നിലയിൽ ഭരണ പ്രതിപക്ഷത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലും നിയമസഭ ാനടത്തിപ്പിലും രാധാകൃഷ്ണൻ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു.
പിന്നീടും വീണ്ടും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പാർലമെന്ററി രംഗത്തു നിന്നും മാറി സംഘടനാരംഗത്ത് നിലയുറപ്പിച്ച രാധാകൃഷ്ണൻ സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.
ഇക്കാലത്താണ് തൃശൂരിൽ സിപിഎം സംസ്ഥാന സമ്മേളം നടന്നത്.വൻ വിജയമായ സമ്മേളനത്തിൽ രാധാകൃഷ്ണന്റെ സംഘടനാവൈഭവം ഏറെ പ്രശംസിക്കപ്പെട്ടു.
തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കര ജയിച്ചതൊഴികെ തൃശൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലത്തിലും എൽഡിഎഫ് ആധിപത്യം ഉറിപ്പിക്കാൻ രാധാകൃഷ്ണന്റെ സംഘടനാ വൈഭവത്തിനു കഴിഞ്ഞു.
കേന്ദ്ര കമ്മറ്റിയംഗം കൂടിയായ രാധാകൃഷ്ണൻ സിപിഎമ്മിന്റെ ദളിത് സംഘടനയുടെ ദേശീയ നേതാവു കൂടിയാണ്.കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ പട്ടികജാതി പട്ടികവർഗ വകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ രാധാകൃഷ്ണനു കഴിഞ്ഞു.
പരാതികളും പരിഭവവും ഇല്ലാതെ ദേവസ്വം വകുപ്പിനെ ജനകീയമാക്കാനും രാധാകൃഷ്ണനു കഴിഞ്ഞു.
ജനകീയ മുഖം
മന്ത്രിമാരിൽ ഏറ്റവും ജനകീയതയുളള കെ. രാധാകൃഷ്ണനെ മന്ത്രിസഭയിലെ രണ്ടാമനായി പരിഗണിച്ചത് മികച്ച തീരുമാനമായിട്ടാണ് സിപിഎമ്മും ഇടതുപക്ഷവും വിലയിരുത്തുന്നത്.
രാധാകൃഷ്ണനു പ്രമുഖ വകുപ്പുകൾ നൽകിയില്ലെന്ന പരാതിയും മന്ത്രിസഭ രൂപവത്കരണ സമയത്ത് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ ഉയർന്നിരുന്നു.
സ്പീക്കർ തെരഞ്ഞെടുപ്പിനായി ഇന്നു നിയമസഭ ചേർന്ന പശ്ചാത്തലത്തിലാണ് ട്രഷറി ബഞ്ചിൽ മുൻ നിരയിലുണ്ടായിരുന്ന മന്ത്രി രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റായ രണ്ടാം സീറ്റിലേക്ക് മാറിയത്.
സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയായ എം.ബി. രാജേഷിനും മുൻ നിരയിൽ ഇരിപ്പിടം ലഭിച്ചു. നേരത്തെ പി.രാജീവ് ഇരുന്ന കസേരയാണ് രാജേഷിന് ലഭിച്ചത്. മുൻ നിരയിൽ കെ.എൻ. ബാലഗോപാൽ, പി.രാജീവ് എന്നിവർക്കൊപ്പമാണ് രാജേഷിന്റെ സ്ഥാനം.
മന്ത്രി സ്ഥാനം ഒഴിഞ്ഞ എം.വി. ഗോവിന്ദന് രണ്ടാം നിരയിൽ സീറ്റു ലഭിച്ചു. മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന കെ.കെ.ശൈലജക്കും മന്ത്രി സ്ഥാനം രാജി വയ്ക്കേക്കേണ്ടി വന്ന സജീ ചെറിയാനും ഒപ്പമാണ് എം.വി. ഗോവിന്ദന്റെ സീറ്റ്.