പഴയന്നൂർ: വാഗ്ദാനങ്ങൾ നൽകുന്നതിലല്ല പകരം വികസനങ്ങൾ പരമാവധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് താൻ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ള തെന്നും ആ പ്രവർത്തന ശൈലിയിലൂടെ നാട്ടിൽ പരമാവധി വികസനം നടപ്പാക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.
മണ്ഡലത്തിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ എന്തെന്നതിനെക്കുറിച്ചുള്ള പഠനം നടത്തുമെന്നും അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടുകാരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി അത്തരം കാര്യങ്ങൾ പൂർണതയിലെത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തും.
വൈദ്യുതിയും പാർപ്പിടവും ഇനിയും ലഭിക്കാത്തവർക്ക് അതിനുള്ള നടപടി കൈക്കൊള്ളും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉത്പ്ന്നങ്ങൾക്കുള്ള വിപണി സജ്ജമാക്കുന്നതിനും ഇടപെടലുകൾ നടത്തും.
സ്പോർട്സ് രംഗത്തേക്കു യുവാക്കളെ ആകർഷിക്കാൻ ഇടപെടും. ഉത്തരവാദിത്വബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിനും അവരെ നേർവഴിക്കു നയിക്കുന്നതിനും ചരിത്രത്തെക്കുറിച്ച് അവബോധം വരുത്തുന്നതിനുമുള്ള പദ്ധതികൾ തയാറാക്കും. വിദ്യാഭ്യാസ രംഗത്തു പുതിയ കോഴ്സുകൾ കൊണ്ടുവരും.
പരന്പരാഗത തൊഴിൽ മേഖലയെ സംരക്ഷിച്ചു നവീന ആശയത്തിലൂടെ അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കും. മണ്ഡലത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം.