സ്വന്തം ലേഖകന്‍
കോഴിക്കോട് : തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ എം. കെ.രാഘവന് എംപിക്കെതിരേ ഉയര്‍ത്തിയ ഒളികാമറാ വിവാദം ആളിക്കത്തണമെങ്കില്‍ ആഭ്യന്തരവകുപ്പ് “കനിയണം’.
തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി എം.കെ.രാഘവന് ആവശ്യപ്പെടുന്നതായുള്ള ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാതെ കാര്യമായ അന്വേഷണം നടത്താനാവില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ചാനല്‍ അധികൃതരില്‍ നിന്ന് നേരത്തെതന്നെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
തെളിവായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളടങ്ങിയ സിഡിയിയും ശേഖരിച്ചു. ഇത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ പത്ത് മാസമായിട്ടും ഫോറന്‍സിക് ലാബില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ഇതിന് പുറമേ ചാനലിന്റെ ചില ജീവനക്കാരില്‍ നിന്ന് കൂടി മൊഴി രേഖപ്പെടുത്താനുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേരിട്ടെത്തി വേണം മൊഴി രേഖപ്പെടുത്താന്‍. കോവിഡ് പശ്ചാത്തലത്തില്‍ നോയിഡയില്‍ പോവാന്‍ വിജിലന്‍സ് സംഘത്തിന് സാധിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണ്.
നിലവില്‍ കൂടുതല്‍ നടപടികളിലേക്ക് വിജിലന്‍സ് നീങ്ങിയിട്ടില്ല. എംപിയുള്പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനുള്ള തെളിവുകളും ശേഖരിക്കാനായിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു. കോഴിക്കോട് റേഞ്ച് വിജിലന്‍സ് എസ്പി പി.സി.സജീവന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി വിനോദ്കുമാറാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് വിജിലന്‍സിന് കൈമാറിയത്. ഡിവൈഎഫ്ഐ നേതാവ് പി.എ.മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് കേസ് എടുത്തത്.
എംപിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് ഡിജിപി വിജിലന്‍സിനോട് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എം.കെ. രാഘവനെതിരെ ആരോപണ മുയര്‍ന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്.
നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി നല്‍കാമെന്നും വാഗ്ദാനം നല്കി.
പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കാന് രാഘവന് നിര്‍ദേശിച്ചുവെന്നുമാണ് ചാനലിന്റെ അവകാശവാദം. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ.രാഘവന് ആരോപിച്ചു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തെപറ്റിയും കള്ളപണത്തിന്റെയും മറ്റു ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഇലക്ഷന് കമ്മീണര്‍ക്ക് അന്ന് പരാതി നല്‍കിയിരുന്നു.
അതേസമയം ഏതുതരം അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്ന് എം.കെ. രാഘവന് എംപി പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു കേസിന് പിന്നില്‍. വീണ്ടും കേസെടുക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയെന്ന് വിവരം ലഭിച്ചതായി എംപി പറഞ്ഞു.