സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ-റെയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിമാനപദ്ധതിയായി കണ്ട് മുന്നോട്ടുപോകുന്നതിനിടെ അതിനെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കൊണ്ട് ബ്ലോക്കിട്ട് ബിജെപിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കളും മെട്രോമാന് ഇ.ശ്രീധരനും കേന്ദ്ര നേതാക്കളെ കണ്ടിരുന്നു.
ഈ സാഹചര്യത്തില്‍ കെ.റെയില്‍ വിരുദ്ധസമരം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത.വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ കെ.റെയില്‍ വിരുദ്ധര്‍ ഒന്നിക്കാനുള്ള സാധ്യതയും സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ കാണുന്നു. പദ്ധതിക്കെതിരായ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും ഉറപ്പാണ്.
ഇരുപദ്ധതികളുടെയും ഗുണവശങ്ങള്‍ ഇഴകീറിപരിശോധിക്കപ്പെടുകയും ചെയ്യും. കെ-റെയില്‍ പദ്ധതിയില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ കൂടി രംഗത്തത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചുകഴിഞ്ഞു.
നേരത്തെ തന്നെ സില്‍വര്‍ ലൈനിനെതിരേ സമരരംഗത്തുള്ള ബിജെപി സംസ്ഥാന ഘടകം ഇനിയെങ്കിലും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകണമെന്ന ആവശ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്.മൂന്നുവര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ പുറത്തിറക്കുമെന്നാണ് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ് കെ-റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയേക്കാര് ചിലവ് കുറഞ്ഞതാണിത്. അതേസമയം കെ-െറയിലില്‍ വേഗത 200 കിലേകാമീറ്ററാണ്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നാലുമണിക്കൂറില്‍ യാത്രചെയ്യാന്‍ കഴിയുന്ന പദ്ധതിയാണ് കെ.റെയില്‍.സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവയില്‍ നിന്നെല്ലാം വന്ദേഭാരത് ട്രെയിന്‍ നടപ്പിലാകുന്നതോടെ സംസ്ഥാന സര്‍ക്കാരിന് തലയൂരാനാകുന്ന അഭിപ്രായവും ശക്തമാണ്.
രാജധാനി, ശദാബ്ദി എക്സ്പ്രസുകളേക്കാള്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് വന്ദേഭാരത് പദ്ധതിയിലുണ്ടാകുക..രാജ്യത്തെ പ്രധാനപ്പെട്ട 40 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുക. സംസ്ഥാനത്ത് കെ-റെയില്‍ വിരുദ്ധ സമരം നാള്‍ക്കുനാള്‍ ശക്തി ആര്‍ജിക്കുകയാണ് താനും.