സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലൻ.
ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ടതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ സമീപനമെന്നു ബാലൻ ആരോപിച്ചു.
വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വെച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വെച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ല.
കെ റെയിൽ നടപ്പിലാക്കിയാൽ ജന്മത്ത് യുഡിഎഫ് അധികാരത്തിൽ വരാനാവില്ലെന്ന തിരിച്ചറിവിന്റെ തുള്ളലാണിത്. വയൽ കിളികൾ എവിടെ പോയെന്നു ചോദിച്ച എ.കെ. ബാലൻ അവരുടെ നേതാക്കൾ ഇന്ന് സിപിഎമ്മിലാണെന്നും കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതിയിൽ വിദഗ്ധ സമിതി നിർദേശങ്ങൾ പരിഗണിക്കും, എന്നിട്ടും തീരാത്ത ആശങ്കകളുണ്ടെങ്കിൽ അത് ദുരീകരിക്കും. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.