സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍ക്കുന്നവരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍. ഒരോ ജില്ലയിലും പദ്ധതിയെ എതിര്‍ക്കുന്നവരെ കണ്ടെത്താനും ഇത് കൃത്യമായി രേഖപ്പെടുത്താനും ആഭ്യന്തരവകുപ്പ് തയാറായി കഴിഞ്ഞു.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ ചരിത്രവും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അതാത് സ്ഥലത്തെ പാര്‍ട്ടി അംഗങ്ങളുടെ സഹായത്തോടെയാണ് ‘സമാന്തര ഇന്റലിജന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റെ നാടായ കണ്ണൂരില്‍ നിന്നുതന്നെ കെ-റെയില്‍ പ്രാരംഭനടപടികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതിനു മുന്‍പ് തന്നെ കൃത്യമായി സമരത്തെ നേരിടേണ്ടതെങ്ങനെ എന്ന് പഠിക്കാനാണ് തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലന്ന് അസനിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
കോടിയേരി തിരിച്ചെത്തിയതോടെ പാര്‍ട്ടി ഘടകങ്ങള്‍ക്കുണ്ടായ ഊര്‍ജം പൂര്ണതരത്തില് ഉപയോഗപ്പെടുത്താനാണ് തീരുമാനം. നിലവില്‍ പദ്ധതിയെ കുറിച്ച് പൊതുജനങ്ങളോട് വിശദീകരിക്കുക, ഒപ്പം സമരത്തെ പൂര്‍ണമായും പിഴുതെറിയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
ഗുണ്ടകളെയും സമൂഹവിരുദ്ധരെയും അമര്‍ച്ച ചെയ്യാനുള്ള ‘ഓപ്പറേഷന് കാവല്‍ ‘ കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാനാണെന്ന തരത്തില്‍ നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പാര്‍ട്ടി തന്നെ രംഗത്തെത്തി.
ക്രിമിനലുകളെ നിരീക്ഷിച്ചും നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കാനുമാണ് കാവലിലെ പ്രധാന നിര്‍ദേശം. ഗുണ്ടകള്‍ക്കെതിരെ ഇത്തരം നടപടി സ്വാഭാവികമാണെന്ന് പാര്‍ട്ടി പറയുന്നു. എല്ലാക്കാലത്തും സ്പെഷല്‍ ഡ്രൈവ് പ്രഖ്യാപിക്കാറുണ്ട്.
എന്നാല്‍, ഇതിലൂടെ സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരുടെ ആധാര്‍ കാര്‍ഡ്, വിലാസം സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പൊലീസ് ശേഖരിക്കുന്നുവെന്ന രീതിയിലായിരുന്നു വിവാദം വന്നത്.
അതേസമയം കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ സമരത്തെ നേരിടാന്‍ സര്‍ക്കാരിന് കഴിയൂവെന്നാണ് പാര്‍ട്ടി നിലപാട്. അതിനാണ് പാര്‍ട്ടി ഘടകത്തെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സമാന്തരഅന്വേഷണം നടത്തുന്നത്.