സ്വന്തം ലേഖകൻ
തൃശൂർ: കെ-റെയിലിന് അനുമതി ലഭിക്കുന്നതിനു മുന്പു തന്നെ ജനങ്ങളെ ബോധവത്കരിക്കാനും എതിർപ്പിനെ നേരിടാനും സംസ്ഥാന സർക്കാർ കോടികൾ മുടക്കി പരസ്യങ്ങളുമായി രംഗത്തിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്പൻ ഫ്ളക്സ് ബോർഡുകളാണ് ഉയർന്നിരിക്കുന്നത്.
തൃശൂർ ജില്ലയുടെ പല ഭാഗത്തും വലിയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ചുള്ള ഫ്ളക്സുകളിൽ കെ-റെയിലിന്റെ ഗുണങ്ങളും നേട്ടങ്ങളുമാണ് എഴുതിയിരിക്കുന്നത്. ഇതു സർക്കാരിന്റെ വൻ വികസനനേട്ടമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനു പുറമേ കെ-റെയിൽ പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകത്തിന്റെ അന്പതുലക്ഷം കോപ്പികൾ അടിക്കാൻ സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളിൽനിന്ന് ഇ-ടെൻഡർ ക്ഷണിച്ച് പത്രങ്ങളിൽ പരസ്യങ്ങളും നൽകിയിട്ടുണ്ട്.
മൾട്ടി കളറിലുള്ള ഒരു പുസ്തകം അച്ചടിക്കുന്നതിന് ചുരുങ്ങിയത് 25 രൂപയെങ്കിലും ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഏതാണ്ട് 12.5 കോടി രൂപയെങ്കിലും പുസ്തകം അച്ചടിക്കാൻമാത്രം ചെലവാകും.കോവിഡ് കാലത്തു ചെലവു ചുരുക്കണമെന്നു പറയുന്ന സർക്കാരാണ് നടപ്പാക്കുമെന്ന് ഒരുറപ്പും ലഭിക്കാത്ത പദ്ധതിക്കായി കോടികൾ ചെലവാക്കുന്നത്.
ഫ്ളക്സ് ബോർഡുകൾക്കും ലക്ഷങ്ങളാണ് ചെലവ്. കെ-റെയിൽ പദ്ധതിയുടെ പ്രാഥമിക നടപടികൾപോലും പൂർത്തിയാക്കുന്നതിനുമുന്പാണ് കോടിക്കണക്കിനു രൂപ മുടക്കി സർക്കാർ പരസ്യങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.മുഖ്യമന്ത്രി പൗരപ്രമുഖരെ വിശദാംശങ്ങൾ ബോധ്യപ്പെടുത്തുന്നതുകൊണ്ടു മാത്രം എല്ലാം പരിഹരിക്കാനാകില്ലെന്നു മനസിലാക്കിയാണ് പരസ്യങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ, യഥാർഥത്തിൽ പദ്ധതിയുടെ ആവശ്യം ബോധ്യപ്പെടുത്തി സ്ഥലം നഷ്ടമാകുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടുമില്ല. കഴിഞ്ഞദിവസം നടന്ന വിശദീകരണ യോഗത്തിൽ സ്ഥലം നഷ്ടമാകുന്നവർക്ക് എത്ര നഷ്ടപരിഹാരം കിട്ടും, വീടിന്റെ ഒരു ഭാഗമെടുത്താൽ മുഴുവനും എടുക്കുമോ, എടുത്താൽ എത്ര തുക കിട്ടും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ കെ-റെയിൽ എംഡിക്കും വ്യക്തമായ മറുപടി പറയാൻ സാധിച്ചില്ല. ഇതോടെ ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്ക കൂടുകയാണ്.
ഇതേസമയം, കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ നടപ്പാക്കിയ പല പദ്ധതികളിലും ഭൂമി നഷ്ടപ്പെട്ടവർക്ക് ഇനിയും സർക്കാർ പറഞ്ഞ പുനരധിവാസം ലഭിച്ചിട്ടില്ല. പല വലിയ പദ്ധതികളും സമയത്തു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുമില്ല. ഉള്ളതു നടപ്പാക്കാൻ കഴിയാത്തവരാണ് പുതിയ വന്പൻ പദ്ധതി നടപ്പാക്കാൻ വാശിപിടിക്കുന്നതെന്നതാണ് പ്രധാന വിമർശനം.