കൊച്ചി: സിൽവർ ലൈൻ പോലുള്ള പദ്ധതികൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. നിയമപ്രകാരം സർവേ നടത്തുന്നതിന് എതിരല്ല. എന്നാൽ ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നതും കോടതി വിലക്കി. സർവേ നിയമപ്രകാരമല്ലാത്ത അതിരടയാളക്കല്ലുകൾ സ്ഥാപിക്കരുതെന്നാണ് നിർദേശം. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ല് സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടിൽ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്ത് നിർത്തരുതെന്നും അസി . സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം.