തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കെ റെയിലിനെ പാർട്ടി ഓഫീസാക്കി മാറ്റി. പദ്ധതിയുടെ നടത്തിപ്പിന് നിയമനം നടത്തിയിരിക്കുന്നവരെല്ലാം ഇടതുപക്ഷ അനുഭാവികളാണ്.
ജോണ് ബ്രിട്ടാസിന്റെ ഭാര്യയെയാണ് ജനറൽ മാനേജർ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. റെയിൽവെയിലെ ജൂനിയർ ഉദ്യോഗസ്ഥ മാത്രമാണ് അവരെന്നും സുധാകരൻ പറഞ്ഞു.
കെ റെയിൽ എംഡിയുടെ ഭാര്യവീടാണ് ഓഫീസായി എടുത്തിരിക്കുന്നത്. ആനാവൂർ നാഗപ്പന്റെ സഹോദരനാണ് മറ്റൊരു നിയമനം നൽകിയിരിക്കുന്നത്. ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ പോലും പദ്ധതിയെ എതിർക്കുന്നു.
വികസനം ജനങ്ങൾക്ക് വേണ്ടിയാകണം. ഈ പദ്ധതി ജനങ്ങൾക്ക് വെള്ളിടിയായി മാറും. പാരിസ്ഥിതിക പഠനം പോലും പദ്ധതിക്ക് വേണ്ടി സർക്കാർ നടത്തിയിട്ടില്ല. കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരള സമൂഹം പദ്ധതിയുടെ കാര്യത്തിൽ ആശങ്കയിലാണ്.
80 ശതമാനത്തോളം സ്ഥലം ഏറ്റെടുത്ത് കല്ലിട്ടാൽ മാത്രമെ വിദേശവായ്പ ലഭിക്കുകയുള്ളു. വിദേശ വായ്പ ലഭിക്കാനാണ് സർക്കാർ ധൃതി കാണിക്കുന്നത്. വൻമതിൽ കെട്ടിയാണ് സിൽവർ ലൈൻ കൊണ്ടുപോകുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ തയാറാകണമെന്നും അല്ലെങ്കിൽ ജനവികാരം മനസിലാക്കി സർക്കാർ പദ്ധതിയിൽ നിന്നും പിൻമാറണമെന്നും അദ്ദേഹം വ്യക്തമാക്കി.