മുക്കം(കോഴിക്കോട്): കെ-റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാവുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി റവന്യു വകുപ്പ്.
നാട്ടൊരുമ പൗരാവകാശ സമിതി കേരള എക്സിക്യൂട്ടീവ് അംഗം സെയ്തലവി തിരുവമ്പാടി വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവർക്കാണ് സെയ്തലവി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഇതിൽ റവന്യു വകുപ്പ് നൽകിയ മറുപടിയാണ് സർക്കാരിനു തിരിച്ചടിയായത്.
1958-ലെ ഭൂമി വിട്ടൊഴിയൽ നിയമത്തിലെ വകുപ്പ് നാല് പ്രകാരം സർക്കാരിലേക്ക് അപേക്ഷ നൽകാത്തതും 2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കാത്തതുമായ ഭൂമിയിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തി അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കുന്ന നിയമവകുപ്പുകളുടെ പകർപ്പ് അനുവദിക്കണമെന്ന ചോദ്യത്തിന് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ അതിർത്തി കല്ല് സ്ഥാപിക്കുന്നതിന് റവന്യു വകുപ്പിൽ നിന്നും നിർദേശം നൽകിയിട്ടില്ലന്ന മറുപടിയാണ് നൽകിയിരിക്കുന്നത്.
എന്തിന്റെ അടിസ്ഥാനത്തിൽ…
ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന് സൈതലവി ചോദിക്കുന്നു.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സർക്കാർ നിർദേശമില്ലാതെ കല്ല് സ്ഥാപിച്ച ഉദ്യോഗസ്ഥർക്കും അവർക്ക് കൂട്ടുനിന്നവർക്കുമെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും സൈതലവി ആവശ്യപ്പെടുന്നു.
പ്രതിഷേധങ്ങൾ ഇല്ലാതാക്കാനായി സർക്കാരും സിപിഎമ്മും ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കെയാണ് പ്രതിരോധത്തിലാക്കി റവന്യു വകുപ്പ് തന്നെ മറുപടി നൽകിയിരിക്കുന്നത്.