പാറശാല: കെ-റെയിലിനായി ഭൂമി വിട്ടു നൽകുന്നവരുടെകൂടെ സർക്കാരും പാർട്ടിയും കൂടെയുണ്ടാകുമെന്നും ആരും വഴിയാധാരമാകില്ലന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഭൂമി വിട്ടു കൊടുക്കുന്നവർക്ക് മാർക്കറ്റുവിലയുടെ നാലിരട്ടിയും മുനിസിപ്പാലിറ്റി മേഖലയിൽ രണ്ടര ഇരട്ടിയും നൽകും. സിപിഎം ജില്ലാ സമാപന സമ്മേളനം വെർച്വലായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പദ്ധതിയുടെ ഇരട്ടി തുക മുടക്കി ഹൈ സ്പീഡ് ട്രെയിൻ സർവീസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നവരാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ.
വികസന പദ്ധതികൾ നടപ്പിലായാൽ ഇനി കേരളത്തിൽ കോൺഗ്രസും ബിജെപിയും കാണില്ലന്നുള്ള തിരിച്ചറിവാണ് പദ്ധതിയെ എതിർക്കാൻ കാരണമെന്നും പറഞ്ഞ അദ്ദേഹം അടുത്ത അഞ്ചു വർഷത്തേക്കുള്ള വികസനമല്ല മറിച്ചു അമ്പതു വർഷത്തെ വികസനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഇന്ത്യയെ സർവനാശത്തിലേക്ക്നയിക്കുന്നു:
പാറശാല : കേന്ദ്ര സർക്കാർ നിരന്തിരമായി ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ബിജെപി ഭരണം രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം പാറശാലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന, നീതിന്യായ വ്യവസ്ഥ ബഹുസ്വരത എന്നിവ തകർക്കുന്നു. രാഷ്ട്രീയ അജണ്ടക്ക് പകരം ആർഎസ്എസ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും മുസ്ലീങ്ങളെ പൗരന്മാരായല്ല കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവർക്കെതിരെ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.കഴിഞ്ഞ ക്രിസ്മസിന് മാത്രം പന്ത്രണ്ടു സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടു .
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കുന്ന ബിജെപി കേരളത്തിൽ നിലപാട് മാറ്റുകയും അരമനകൾ കയറിയിറങ്ങി ബിഷപ്പുമാരുടെ സഹായം അഭ്യർഥിച്ചു നടക്കുകയാണെന്നും ദുർബലമായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കോൺഗ്രസിന്റെ സാമ്പത്തിക നയവും വർഗീയ ശക്തികളോടുള്ള വിട്ടുവീഴ്ചാ മനോഭാവവുമാണ് അവരെ അധപധനത്തിലേക്കു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂർനാഗപ്പൻ യോഗത്തിനു അധ്യക്ഷത വഹിച്ചു.