സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ റെയിൽ സമരത്തിൽ പങ്കെടുക്കുന്ന സാധാരണ ജനങ്ങളെ കേസിൽ കുടുക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെങ്കിൽ കല്ലുകൾ പിഴുതെറിഞ്ഞ് തങ്ങൾ ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മരം ചെയ്യുന്ന ജനങ്ങളെ പിന്തിരിപ്പിക്കാൻ സിപിഎം നേതാക്കളും സർക്കാരും ഭീഷണി മുഴക്കുകയാണ്.
പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരായ ജനങ്ങളെ അടിച്ചമർത്താനാണെങ്കിൽ കല്ലു പിഴുതെറിയുന്ന സമരത്തിന്റെ മുന്നിലേക്കു യുഡിഎഫ് നേതാക്കളെത്തും. പാവപ്പെട്ട സാധാരണക്കാരെ കേസിൽ കുടുക്കാൻ അനുവദിക്കില്ല.
സർക്കാരിന്റെ ധാർഷ്ട്യത്തിനു വഴങ്ങില്ല. സമരം ഏറ്റെടുത്ത് യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
കോൺഗ്രസുകാർക്ക് പിഴുതെറിയാൻവേറെ കല്ലുകൾ കൊടുക്കാം: കോടിയേരി
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ നടക്കുന്ന സമരം അപഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയസമരമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സ്ത്രീകളെ സമരമുഖത്ത് നിന്നും മാറ്റണം. കല്ലെടുത്ത് കളഞ്ഞാൽ പദ്ധതി ഇല്ലാതാകില്ല. കോണ്‍ഗ്രസുകാർക്ക് പിഴുതെറിയാനായി വേറെ കല്ലുകൾ എത്തിച്ച് കൊടുക്കാമെന്നും കോടിയേരി പറഞ്ഞു.
മാടപ്പള്ളിയിലെ സമരം ആസൂത്രിതമായിരുന്നു.ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ഇപ്പോൾ സമരം നടക്കുന്നത്. കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയിലെ സമരത്തിൽ പങ്കെടുത്തു.
വിമോചനസമരത്തിന്റെ കാലഘട്ടമല്ലെന്ന് ഓർക്കുന്നത് നല്ലതായിരിക്കുമെന്നും കോടിയേരി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി വ്യക്തമാക്കി.