കോട്ടയം: കെ റെയിൽ സർവേയുടെ ഭാഗമായി കോട്ടയത്ത് ഇന്നു കല്ലുകൾ സ്ഥാപിക്കില്ല. ഇന്നലെ പാറന്പുഴ കുഴിയാലിപ്പടിയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
തുടർന്ന് സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതു തോട്ടിലെറിയുകയും ചെയ്തിരുന്നു.ഇന്നു വാകത്താനത്ത് കല്ലിടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും സുരക്ഷ നല്കാനാവില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ഇന്നത്തെ കല്ലിടീൽ വേണ്ടെന്നുവച്ചത്.
കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഇന്ന് പകൽപ്പൂരം നടക്കുന്നതിനാൽ അതിന്റെ സുരക്ഷാ ചുമതലയിലാണ് പോലീസ്. ഇതാണ് ഇന്ന് കെ. റെയിൽ സർവേയുടെ ഭാഗമായി കല്ല് സ്ഥാപിക്കുന്നതിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിക്കാൻ കാരണം.
ശക്തമായ പ്രതിഷേധം തുടരുന്നു
കോട്ടയത്ത് കെ റെയിൽ കല്ല് സ്ഥാപിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മാടപ്പള്ളിയിൽ ആദ്യമുണ്ടായ പ്രതിഷേധത്തിന്റെ ചുവട് പിടിച്ചാണ് പാറന്പുഴ കുഴിയിലാപ്പടിയിലും സമാനമായ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്.
ഇന്നു കല്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന വാകത്താനത്തും ശക്തമായ പ്രതിഷേധം ഉയരുമെന്നും സൂചനകൾ ഉണ്ടായിരുന്നു.
ഇന്നലെ ചേർന്നു യുഡിഎഫ് യോഗത്തിലും കല്ലുകൾ സ്ഥാപിക്കുന്നതിനെതിരേ ജനങ്ങൾക്കൊപ്പം ശക്തമായ പ്രതിഷേധത്തിനിറങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
25നു കെ റെയിലിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന പദയാത്രയും ജില്ലയിൽ നടക്കാനിരിക്കുകയാണ്.
നിരവധി പേർ പങ്കെടുക്കും
കോട്ടയം: കെ. റെയിൽ കല്ലിടിലിനെതിരെ നാളെ രാവിലെ 11നു തിരുവനന്തപുരം ആശാൻ സ്ക്വയറിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് നിരവധി പേർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് നടത്തും.
ഒരു കാരണവശാലും കോട്ടയം ജില്ലയിൽ കല്ലിടാൻ അനുവദിക്കില്ലെന്നും ഇട്ട കല്ലുകൾ പിഴുതെറിയുമെന്നും കെ റെയിൽ വിരുദ്ധ ജനകീയസമിതി ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു.