സ്വന്തം ലേഖകര്‍
കോട്ടയം: കെ-റെയില്‍ പദ്ധതി ജില്ലയെയും കീറി മുറിക്കും. 11 പഞ്ചായത്തുകളിലൂടെയും രണ്ടു മൂനിസിപ്പാലിറ്റികളിലൂടെയുമാണ് ജില്ലയില്‍ പാത കടന്നു പോകുന്നത്. 16 വില്ലേജുകളിലെ 63 കിലോമീറ്റര്‍ പാതക്കായി ബഫര്‍ സോണ്‍ ഉള്‍പ്പടെ 80 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും.
പത്തനംതിട്ട ജില്ലയില്‍നിന്നും പാത മാടപ്പള്ളി വള്ളോക്കുന്നിലാണ് എത്തുന്നത്. റീത്തുപള്ളി-ഇടപ്പള്ളി-പോളിച്ചിറ-കുര്യച്ചന് പടി-വഴിപ്പടി-എഴുത്തുപള്ളി വഴി കൊട്ടാരംകുന്ന് കോളനിയിലെത്തും.
തുടര്‍ന്ന് വാകത്താനം പഞ്ചായത്തിലൂടെയാണ് പാത വരുന്നത്. വെട്ടികലിങ്ക് വഴി ഉദിക്കല്‍ വെള്ളുത്തുരത്തു വഴി പനച്ചിക്കാട് പഞ്ചായത്തിലെത്തും.
കല്ലുങ്കല്‍ കടവ് -കൊല്ലാട് വഴി കഞ്ഞിക്കുഴി പ്ലാന്റേഷനു സമീപമെത്തുമ്പോഴാണ് കോട്ടയം ടൗണില്‍ പ്രവേശിക്കുന്നത്. കോടിമത കൊടൂരാറിനു തീരത്താണ് കോട്ടയത്തെ സ്റ്റേഷന്.
വിമലഗിരി കത്തീഡ്രലിനു സമീപം കീഴ്ക്കുന്നിലൂടെയാണ് നട്ടാശേരി കുഴിയാലപ്പടിയിലേക്ക് പാത നീളുന്നത്. കീഴ്ക്കുന്നില്‍ വലിയ ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന രീതിയിലാണ് അലൈന്മെന്റ്.
പാറമ്പുഴ, കുഴിയാലിപ്പടി, പേരൂര്‍, വെമ്പള്ളി, തോട്ടുവ, ഞീഴൂര്‍, വിളയം കോട്, പെരുവ, മുളക്കുളം വഴി ആറാട്ടുകടവിലെത്തി പാത എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
കോട്ടയം നഗരത്തില്‍ അലൈന്മെന്റിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.മാര്‍ച്ച് 17ന് മാടപ്പള്ളിയില്‍ അരങ്ങേറിയത് സില്‍വര്‍ ലൈനിനെതിരെ കേരളം കണ്ട ഏറ്റവും വലിയ ജനരോഷമായിരുന്നു.
കല്ല് സ്ഥാപിക്കുന്നതിനെതിരേയുള്ള നെഞ്ച് വിരിച്ചുനിന്ന് നടത്തിയ പോരാട്ടമാണ് മാടപ്പള്ളി സമരത്തെ ഏറെ ശ്രദ്ധേയമാക്കിയത്.
പേരാട്ടം നടത്തിയ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് തള്ളിയിട്ട് ചുട്ടുപെള്ളുന്ന ടാര്‍ റോഡിലൂടെ നിര്‍ദയം വലിച്ചിഴച്ചത് കേരള മനസാക്ഷിയെ ഞെട്ടിക്കുകയും സംസ്ഥാനത്തുടെനീളം പ്രക്ഷോഭത്തിന് ആവശേവും കരുത്തും പകരുകയും ചെയ്തു.
ഇതോടെയാണ് കെ-റെയിലിനെതിരെ സംസ്ഥാനത്ത് മാടപ്പള്ളി മോഡല്‍ സമരമെന്ന മുദ്രാവാക്യംതന്നെ ഉയര്‍ന്നത്.മാടപ്പള്ളി മുണ്ടുകുഴി പള്ളിക്കു സമീപമുള്ള തന്റെ വീടും സ്ഥലവും നഷ്ടമാകുന്നതിനെതിരെ തന്റെ വസ്തുവില്നിന്ന് പ്രതിഷേധം ഉയര്‍ത്തിയ കൊരണ്ടിത്തറ ജിജി ഫിലിപ്പിനെ പുരുഷന്മാരായ പോലീസുകാര്‍ ചവിട്ടി വീഴ്ത്തി അതിക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ ഇവരുടെ എട്ടുവയസുകാരിയായ മകള്‍ സോമിയ അലമുറയിട്ടു “എനിക്ക് എന്റെ അമ്മയെ വേണം, അമ്മയെ കൊണ്ടുപോകരുത്’ എന്നു പറഞ്ഞ് പിന്നാലെ ഓടിയ കാഴ്ച കേരളക്കരയുടെ ചങ്കിലേറ്റ മുറിവായി മാറി.
കെ-റെയില്ലിന്റെ വൈകാരിക മുഖം ദൃശ്യമായ സമരവും ഇതുതന്നെയാണ്. ഇതാണ് കേരളത്തെ ചിന്തിക്കാന്‍ പ്രരിപ്പിച്ചത്. കെ- റെയില്‍ വോണോ? കേരളം വേണോ?