കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ മൊബൈൽ സമരക്കാരായി പോയി കെ-റെയിൽ സർവേ നടക്കുന്നിടത്ത് അക്രമം നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം ഉടമകളെ പ്രതിഷേധിക്കാൻ കിട്ടാത്തത് കൊണ്ട് കണ്ണൂരിൽ നിന്നുമുളള ആളുകളെയിറക്കിയാണ് അവർ പ്രതിഷേധിക്കുന്നത്.
ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ പോലെ കെ-റെയിൽ വിരുദ്ധ അക്രമ സംഘമാണ് ഇന്ന് നാട്ടിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ സമരം നടത്തുന്നവരുടെ പ്രധാന ജോലി.
കെ-റെയിൽ കുറ്റികൾ പ്രതിഷേധക്കാർ പിഴുതുമാറ്റുമ്പോൾ സ്ഥല ഉടമ തന്നെ അത് പുനഃസ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്.കോൺഗ്രസിന് കല്ല് പിഴുത് മാറ്റാനേ അറിയു.
കല്ല് നാടിന്റെ ഭാവിക്ക് വേണ്ടിസ്ഥാപിക്കാൻ അവർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് കയറി സ്ഥല ഉടമകളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കുകയാണ് ഇപ്പോൾ സിപിഎം പ്രവർത്തകർ ചെയ്യുന്നത്.
പദ്ധതി പ്രദേശത്ത് മാത്രമല്ല എല്ലാ സ്ഥലങ്ങളിലും എത്തി ആളുകൾക്ക് പദ്ധതിയെകുറിച്ച് വിവരിക്കും. കാന്പയിൻ നടത്തും.വികസന തൽപരരായ ആളുകൾ പദ്ധതി നല്ലതാണെന്ന് അഭിപ്രായപെടുന്നുണ്ട്.
നിലവിൽ സ്ഥലം നഷ്ടപെടുന്നവർക്ക് നഷ്ടപരിഹാരം വേണമെന്ന ആവശ്യം മാത്രമാണ് അവിടെ നിന്നും ഉയർന്ന് വരുന്നത്. അത് നാലിരട്ടിയായി സർക്കാർ നൽകുമെന്ന് വാഗ്ദാനം നൽകുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.