ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നു. സില്‍വര്‍ ലൈന്‍ കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചർച്ചയിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്.
അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി അറിയിച്ചു.