ബെന്നി ചിറയിൽ
ചങ്ങനാശേരി: മാടപ്പള്ളി വെങ്കോട്ടയിലെ കെ-റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ 55 പേർക്കെതിരേ തൃക്കൊടിത്താനം പോലീസ് കേസ് എടുത്തു.
പോലീസ് റോഡിലൂടെ വലിച്ചിഴച്ച വീട്ടമ്മ കൊണ്ടിത്തറ ജിജി ഉൾപ്പെടെ 15 സ്ത്രീകളേയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി റീത്തുപള്ളി ജംഗ്ഷനിലാണ് കേരളം കണ്ട ഏറ്റവും ശക്തമായ കെ-റെയിൽ വിരുദ്ധ സമരം അരങ്ങേറിയത്.
ഈ പ്രതിഷേധത്തിൽ പങ്കെടുത്ത 30 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം സ്റ്റേഷനിൽ എത്തിച്ചിരുന്നു.
യുഡിഎഫ്, ബിജെപി നേതാക്കൾ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനു മുന്പിൽ മണിക്കൂറുകളോളം നീണ്ട ഉപരോധം നടത്തിയശേഷമാണ് ഇവരെ വിട്ടയച്ചത്.
ഇവരുടെ പേരിലും വെങ്കോട്ട മുണ്ടുകുഴി ഭാഗത്ത് സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞ കോട്ടയം ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 25പേർക്കെതിരേയും ഉൾപ്പെടെ 55 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ തടയുകയും പ്രതിഷേധം ശക്തമാക്കിയതിന്റെ പേരിൽ നേതാക്കളടക്കം നിരവധിപ്പേരെ ചവിട്ടിവീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ച പോലീസിന്റെ കിരാതവാഴ്ച സംസ്ഥാനത്തുടെനീളവും നിയമസഭയിലും കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
പുരുഷൻമാരായ പോലീസിനെകൊണ്ട് സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച പോലീസ് തേർവാഴ്ചക്ക് നേതൃത്വം നൽകിയ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെതിരേയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സർക്കാരിന്റെയും പോലീസിന്റെയും ഭീഷണിക്കും അതിക്രമങ്ങൾക്കും സമരത്തെ അടിച്ചൊതുക്കാനാവില്ലെന്നും സമരം ശക്തമാക്കുമെന്നും കെ-റെയിൽ വിരുദ്ധ സമരസമിതി ഭാരവാഹികൾ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കൾ വെങ്കോട്ടയിൽ എത്തി പിന്തുണ നൽകിയത് സമരത്തിന് പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്.