ബെന്നി ചിറയിൽ
ചങ്ങനാശേരി: ജനകീയ പ്രതിഷേധത്തെ പോലീസ് തേർവാഴ്ചയിലുടെ അടിച്ചമർത്തി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി ഭാഗത്ത് സ്വകാര്യ ഭൂമികളിൽ കെ-റെയിൽ ഉദ്യോഗസ്ഥ സംഘം സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റി.
സമരക്കാരെയും രാഷ്ട്രീയ നേതാക്കളെയും ചവിട്ടി വീഴ്ത്തി ഇന്നലെ ഉച്ചയോടെയാണ് പോലീസിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥ സംഘം സർവേക്കല്ലുകൾ നാട്ടിയത്.
ഇന്നു പുലർച്ചെയോടെയാണ് കല്ലുകൾ അപ്രത്യക്ഷമായത്. പ്രദേശത്ത് സ്ഥാപിച്ച കല്ലുകൾ എല്ലാം കാണാതായിട്ടുണ്ട്.
പോലീസ് അക്രമത്തിൽ ഗുതുതരമായി പരിക്കേറ്റ സമരസമിതി നേതാക്കൻമാരായ വി.ജെ. ലാലി, ജിൻസണ് മാത്യു എന്നിവർ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും പരിക്കേറ്റ വീട്ടമ്മ മുണ്ടുകുഴി കൊരണ്ടിത്തറ ജിജി ചങ്ങനാശേരി ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
സമരസമിതി നേതാക്കളെയും സ്ത്രീകൾ അടക്കമുള്ള സമരക്കാരെയും ആക്രമിച്ച പോലീസിന്റെയും നടപടികളിൽ പ്രതിഷേധിച്ചു കെ-റെയിൽ വിരുദ്ധ സമിതി, യുഡിഎഫ്, ബിജെപി എന്നിവരുടെ നേതൃത്വത്തിൽ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു.
കട കന്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കെ. റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലയിൽ
ഇന്നു കരിദിനവും ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താലിനോടനബന്ധിച്ചു ചങ്ങനാശേരി നഗരത്തിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ സംഘം ഇന്നു മാടപ്പള്ളിയിൽ എത്തി.