കോട്ടയം: കെ-റെയിൽ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടയിൽ കോട്ടയത്ത് എൽഡിഎഫും ബിജെപിയും യുഡിഎഫും പോർമുഖം തുറന്നു.
മാടപ്പള്ളിക്കു പിന്നാലെ നട്ടാശേരി കുഴിയാലിപ്പടയിലും ഇന്നലെ കെ-റെയിൽ പ്രതിഷേധം ശക്തമായതോടെയാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
മാടപ്പള്ളിയിൽ പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായി അടുത്ത ദിവസം പെരുന്പനച്ചിയിൽ നിന്നും തെങ്ങണയിലേക്ക് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ്, കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും.
കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ നേരിടാൻ എൽഡിഎഫും രംഗത്ത് എത്തി. കെ റെയിലിനെതിരെ ഉയരുന്ന ജനകീയ ചെറുത്തു നിൽപ്പും അതുണ്ടാക്കുന്ന ആഘാതവും മറികടക്കാൻ ഇന്ന് വൻ പ്രകടനവും വിശദീകരണ യോഗവുമാണ് എൽഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നു വൈകുന്നേരം അഞ്ചിന് തെങ്ങണയിലാണ് എൽഡിഎഫ് പൊതുയോഗം. എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ, കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ. സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ എന്നിവർ പ്രസംഗിക്കും.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ 24,25 തീയതികളിൽ ജില്ലയിൽ കെ-റെയിൽ കടന്നു പോകുന്ന മേഖലയിലൂടെ പദയാത്രയും പ്രതിഷേധ സമ്മേളനങ്ങളും നടത്തുന്നുണ്ട്.