കോട്ടയം: നട്ടാശേരി കുഴിയാലിപ്പടിയിൽ കെ റെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം. ഇന്നു രാവിലെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.
കുഴി കുത്താൻ എത്തിച്ച മെഷീൻ തിരികെയെടുപ്പിച്ചു. ഇന്നു രാവിലെ കല്ലിടാനായി ജില്ലാ കളക്്ടർ നിർദേശം നൽകിയതിനെത്തുടർന്നാണ് രാവിലെ ഉദ്യോഗസ്ഥർ കുഴിയാലിപ്പടയിലെത്തിയത്.
സമരസമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉയർത്തിയിരിക്കുന്നത്. കേരള കോണ്ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാരും സമരസമിതി പ്രവർത്തകരും സംഘടിച്ചായിരുന്നു സമരം
. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണ് എംഎൽഎയും സ്ഥലത്ത് എത്തി. ഇതിനിടയൽ ഉദ്യോഗസ്ഥർ കല്ലിടാൻ നടത്തിയ ശ്രമം പ്രതിഷേധക്കാർ തടഞ്ഞു. കല്ലു സ്ഥാപിക്കാനായി എത്തിച്ച മെഷീനും എടുത്തെറിഞ്ഞു.
കോട്ടയത്ത് ഒരു കാരണവശാലം കല്ലിടാൻ അനുവദിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കോട്ടയം നഗരസഭയിലെ നാട്ടാശേരി, പാറന്പുഴ, കുഴിയാലിപ്പടി, പെരുന്പായിക്കാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന നാലു വാർഡുകളാണ് നിർദിഷ്ട കെ റെയിൽ പദ്ധതി സർവേയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടെ നൂറിലധികം വീടുകൾ നഷ്ടപ്പെടും.
ഇന്നലെ കെ-റെയിൽ സർവേ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു. കല്ലും സിമന്റുമായെത്തിയ പിക്കപ്പ് വാഹനം തടയുകയും വാഹനത്തിനു മുകളിലൂടെ പന്തലിട്ട് പ്രതിഷേധിച്ചായിരുന്നു സമരം. കല്ലിടാൻ സമ്മതിക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥർ വൈകുന്നേരത്തോടെ മടങ്ങുകയായിരുന്നു.