തിരുവനന്തപുരം: കെ റെയിൽ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റി മാർക്കിംഗ് മാത്രമാണെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
മഞ്ഞക്കുറ്റി കൊണ്ട് അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത് ഏറ്റെടുക്കലല്ല എന്നും മന്ത്രി പറഞ്ഞു. കുറ്റി സർക്കാറിന്റേതാണ്, സർവെ നമ്പർ പ്രസിദ്ധീകരിച്ചതിന്റെ അർത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ല.വിൽപ്പനക്കോ വായ്പയെടുക്കാനോ തടസമില്ല,
ക്രയവിക്രയത്തിനും തടസമില്ല , കരം അടയ്ക്കലിന് അടക്കം തടസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി എടുക്കുമെന്നും മന്ത്രി ചോദ്യത്തരവേളയില്‍ മറുപടി നല്കി.
സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാണ് തുടർ നടപടി സ്വീകരിക്കുക. കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായാണ് നടപടികളെടുത്തത്.
കേന്ദ്രം തത്വത്തിൽ അംഗീകാരം തന്നിരുന്നതിനാലാണ് സാമൂഹ്യാഘാത പഠനവും സർവേയും നടന്നത്. സർവേയുടെ ഭാഗമായാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്.
അത് മാർക്കിംഗ് മാത്രമാണ്- മന്ത്രി സഭയിൽ പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു.
20 കോടി 50 ലക്ഷം കെ റെയിലിന് അനുവദിച്ചിരുന്നതിൽ എട്ട് കോടി 52 ലക്ഷം ചെലവഴിച്ചുവെന്നും മന്ത്രി കെ.രാജൻ സഭയെ അറിയിച്ചു.