തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിന് സഹായം നൽകാത്തത് എന്തെന്ന് കോടതി വരെ ചോദിച്ചിട്ടുണ്ടെന്നും കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വയനാട് ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. പിന്നീട് മുഖ്യമന്ത്രിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും കേന്ദ്ര സഹായം ലഭിച്ചില്ല.
ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംബന്ധിച്ച് ജിയോളജിക്കൽ സർവേയിൽ നിന്ന് പഠനങ്ങളോ മുന്നറിയിപ്പുകളോ നൽകിയിട്ടില്ലെന്നും വയനാട് പുൽപ്പള്ളിയിൽ റഡാർ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും.
കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണ്. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ പറഞ്ഞു.